കൗണ്ടി ജഡ്ജ് കെ പി ജോർജിന് വർണ വെറിയന്മാരുടെ ശകാരവർഷവും ഭീഷണിയും

ഹ്യൂസ്റ്റൺ: ടെക്സസിലെ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജിന് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജിലും പ്രൈവറ്റ് മെസേജിലും ഭീഷണികൾ കൊണ്ട് നിറയ്ക്കുകയാണ് എതിരാളിയുടെ പ്രവർത്തകർ. പരാജയം ഉറപ്പാക്കിയ എതിരാളിയുടെ പ്രവർത്തകർ സകല നിയന്ത്രണവും വിട്ടാണ് പെരുമാറുന്നത്.

“നീ ഈ രാജ്യത്തു ജനിച്ചവനല്ല പിന്നെ നിനക്ക് എങ്ങനെ ഞങ്ങളെ ഭരിക്കാനാകും” ഒരാൾ ചോദിക്കുന്നു.
“ഈ രാജ്യം ഞങ്ങളുടേതാണ് ഇവിടെ ഞങ്ങൾ ഭരിക്കും. പരിപാടി നിർത്തി നിന്റെ രാജ്യത്തേക്ക് പൊയ്‌ക്കൊള്ളുക അല്ലെങ്കിൽ വിവരം അറിയും” മറ്റൊരാളുടെ വക.
“നിന്റെ മുൻപിൽ തല കുമ്പിടാൻ ഞങ്ങളില്ല അങ്ങനെ വന്നാൽ നിന്റെ വരും തലമുറയെത്തന്നെ ഞങ്ങൾ ശിക്ഷിക്കും” ഒരാൾ ബൈബിൾ ഉദ്ധരിച്ചുകൊണ്ട് പറയുന്നു.
“ഒരു ഹിസ്പാനിക്ക് പോലുമല്ലാത്ത നിനക്ക് ഈ രാജ്യം വഴങ്ങില്ല”

ഇങ്ങനെ പോകുന്നു വര്‍ണ്ണ വെറിയന്മാരുടെ കമന്റുകൾ. കമന്റുകൾക്കൊപ്പം എതിരാളിയായ ട്രെവർ നെയ്ൽസിന്റെ വെബ്സൈറ്റ് പരസ്യമായി ചേർക്കാനും ഇവർ മറന്നിട്ടില്ല.

സ്വന്തം ഫേസ്ബുക് പേജിൽക്കൂടി കമെന്റ് ചെയ്യുന്ന ഇവരെല്ലാം തന്നെ വെളുത്ത വർഗ്ഗക്കാരാണ്. ട്രംപിസം തലയ്ക്കു പിടിച്ചവരാണെന്നതിൽ സംശയമില്ല. ഇവയെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളി തൻറെ ദൈനംദിന പ്രവർത്തികളിൽ മുഴുകി മുന്നോട്ടുപോകുകയാണ് ജഡ്ജ് കെ പി ജോർജ്. ഞാൻ വിശ്വസിക്കുന്ന എൻറെ ദൈവം എന്നോടൊപ്പം ഉള്ളപ്പോൾ ഞാൻ എന്തിനു ഭയക്കണം എന്നാണ് ഈ പത്തനംതിട്ടക്കാരന്റെ ആത്മവിശ്വാസം നിറഞ്ഞ മറുപടി. പരാതിപ്പെടാൻ പോലും തയ്യാറാകാത്ത ജോർജിന്റെ പിന്നിൽ ഇന്ത്യക്കാർ അണിനിരന്നിട്ടുണ്ട്. മലയാളികൾ “എനിക്കെന്തു ചേതം” എന്ന രീതി അവലംബിച്ചിരിക്കുകയാണ് എങ്കിലും വ്യക്തികളും സംഘടനകളുമായി കുറെ പേരെങ്കിലും മുന്നോട്ടു വന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. കാരണം, ഇതിങ്ങനെ അനുവദിച്ചാൽ നമ്മുടെ വളർന്നുവരുന്ന തലമുറകൾക്കും ദോഷം ചെയ്യും എന്ന ബോധം ചിലരിലെങ്കിലും ഉദിച്ചിട്ടുണ്ട്.

കഴിഞ്ഞ നാലു വർഷമായി ഫോട്ബെൻഡ് കൗണ്ടിയിൽ തൻറെ ഭരണകാലത്തു കൈക്കൊണ്ട നടപടികളെ അഭിമാനത്തോടെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു മുന്നേറുകയാണ് ജോർജ്. പതിനാറു വർഷം കൗണ്ടി ജഡ്ജായിരുന്ന റോബർട്ട് ഹെബെർട്ടിനെ വൻഭൂരിപക്ഷത്തിൽ തോൽപിച്ചാണ് 2019 ൽ ജോർജ് അധികാരത്തിലെത്തിയത്.

2018 ലെ ഹാർവി കൊടുങ്കാറ്റിൽ കൗണ്ടിയുടെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങിയപ്പോൾ കൗണ്ടി ഗവണ്മെന്റിനു ഒന്നും ചെയ്യാൻ കഴിയാതെ പകച്ചു നിന്നു. കാരണം, ഒരു എമർജൻസി മാനേജ്‌മന്റ് പദ്ധതി കൗണ്ടിക്കില്ലായിരുന്നു. അന്ന് ജോർജിന്റെ മുഖ്യ വിമർശനവും അതുതന്ന ആയിരുന്നു. തിരഞ്ഞെടുപ്പിൽ വിജയം കണ്ട കെ പി ജോർജ് ആദ്യം ചെയ്തത് കൗണ്ടിക്ക് ഒരു എമർജൻസി മാനേജ്‌മന്റ് സിസ്റ്റം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് വന്ന കോവിഡ് മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു എന്നത് ജനങ്ങൾക്ക് മതിപ്പുണ്ടാക്കി. ഒപ്പം രാഷ്‌ടീയമോ ദേശീയതയോ നോക്കാതെ ആവശ്യം പറഞ്ഞു വിളിക്കുന്ന എല്ലാവര്‍ക്കും പ്രാപ്യനായ ജനകീയ നേതാവായി ജോർജ് മാറുകയായിരുന്നു. എത്ര തിരക്കിലും ഇന്ത്യക്കാരുടെ പ്രത്യേകിച്ചും മലയാളികളുടെ എല്ലാ പരിപാടികൾക്കും കെ പി പങ്കെടുക്കാറുണ്ട്. കൗണ്ടി നടത്തുന്ന വിദ്യാർഥികൾക്കായുള്ള ഇന്റേൺഷിപ്, ജോലി സാദ്ധ്യതകൾ മറ്റു കമ്മ്യൂണിറ്റി പുരോഗമന പ്രവർത്തനങ്ങൾ ഇവയെകുറിച്ചുള്ള വിവരങ്ങൾ മലയാളി അസോസിയേഷനുമായി പങ്കുവെക്കാമെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കെ പി ജോർജ്ന്റെ വിജയത്തിനായി അൻപതോളം പേരടങ്ങുന്ന മലയാളികളും ഉൾപ്പെട്ട സംഘം പ്രവർത്തന സജ്ജമായിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും അറിയിച്ചു. കൂടുതൽ ആളുകളെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ പി യെ കൂടാതെ കോർട്ട് ജഡ്ജിമാരായി ജൂലി മാത്യു, സുരേന്ദ്രൻ പട്ടേൽ, ഡാൻ മാത്യു (ടെക്സാസ് സെനറ്റ് ) ജെയ്‌സൺ ജോർജ് എന്നീ മലയാളികളും മത്സര രംഗത്തുണ്ട്. എല്ലാ മലയാളികളും രംഗത്തിറങ്ങി വോട്ടു ചെയ്താൽ ഇവരെ അനായാസം ജയിപ്പിച്ചെടുക്കാൻ സാധിക്കും.

Print Friendly, PDF & Email

Leave a Comment

More News