സ്റ്റോര്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി

ടെക്‌സസ് : കോര്‍പസ് ക്രിസ്റ്റിയിലെ കണ്‍വീനിയന്റ് സ്റ്റോര്‍ ജീവനക്കാരനെ കവര്‍ച്ച ചെയ്യുന്നതിനിടയില്‍ 29 തവണ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി.

2004 ല്‍ സ്റ്റോറിലെ മാലിന്യങ്ങള്‍ പുറത്തു നിക്ഷേപിക്കുന്നതിനാണ് ജീവനക്കാരനായ പാബ്‌ളൊ കാസ്‌ട്രൊ (46) പുറത്തിറങ്ങിയത്. പുറത്തു കാത്തുനിന്നിരുന്ന ജോണ്‍ ഹെന്‍ട്രി (38) പബ്‌ളൊയുടെ കൈവശം ഉണ്ടായിരുന്ന 1.25 ഡോളര്‍ കരസ്ഥമാക്കിയതിനുശേഷം ക്രൂരമായി കൊല്ലുകയായിരുന്നു.

കുറ്റകൃത്യത്തിനുശേഷം മെക്‌സിക്കോയിലേക്കു കടന്ന പ്രതിയെ മൂന്നര വര്‍ഷത്തിനുശേഷമാണ് അറസ്റ്റു ചെയ്തത്. വിചാരണയ്ക്കുശേഷം ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിന് നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിച്ച് ഹെന്‍ട്രി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കനുകൂലമായി വിധി വന്നിരുന്നു.വധശിക്ഷ നടപ്പാക്കുന്നതിനിടെ മതപുരോഹിതന് ഹെന്‍ട്രിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനും, വിശുദ്ധ ഗ്രന്ഥം ഉച്ചത്തില്‍ വായിക്കുന്നതിനും കോടതി അനുവദിച്ചിരുന്നു. എന്നാല്‍ വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി.

ബുധനാഴ്ച മാരകമായ വിഷം സിരകളിലേക്ക് കടത്തിവിട്ട് ശിക്ഷ നടപ്പാക്കുകയായിരുന്നു. ടെക്‌സസിലെ ഈ വര്‍ഷത്തെ മൂന്നാമത്തെ വധശിക്ഷയും രാജ്യത്ത് നടപ്പാക്കുന്ന 11ാം മത്തെ വധശിക്ഷയുമാണ് ഇത്.

Print Friendly, PDF & Email

Leave a Comment

More News