പാർത്ഥസാരഥി ക്ഷേത്രത്തിൽ മോഷണം; മോഷ്ടാവിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

കോഴിക്കോട്: ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കുറ്റവാളികള്‍ക്കായുള്ള പോലീസ് തിരച്ചിൽ ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ഇന്നലെ (ഒക്ടോബര്‍ 8) പുലർച്ചെ 1.30 നും 4.00 നും ഇടയിലാണ് മോഷണം നടന്നത്. ഹെൽമറ്റ് ധരിച്ചാണ് മോഷ്‌ടാവ് ക്ഷേത്രത്തിന്റെ വടക്കുവശത്തെ പൂട്ട് തകർത്ത് അകത്ത് കടന്നത്. ക്ഷേത്രത്തിൽ കയറിയ ഇയാൾ ആറ് ഭണ്ഡാരങ്ങളില്‍ നിന്ന് ഏകദേശം 50,000 രൂപയോളം മോഷ്ടിച്ചതായാണ് നിഗമനം.

പുലര്‍ച്ചെ മൂന്നേമുക്കാല്‍ വരെ മോഷ്‌ടാവ് ക്ഷേത്രപരിസരത്തുണ്ടായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാലരയ്‌ക്ക് നട തുറക്കാനെത്തിയ ക്ഷേത്രം ജീവനക്കാരനാണ് മോഷണവിവരം പൊലീസില്‍ അറിയിച്ചത്. പിന്നാലെ തന്നെ പൊലീസും ഡോഗ്‌ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

നവരാത്രിയോടനുബന്ധിച്ച് നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിയതിനാൽ എത്ര രൂപ മോഷണം പോയി എന്ന് കൃത്യമായി പറയാനാകില്ലെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വിശ്വനാഥൻ പറഞ്ഞു. അഞ്ച് വർഷം മുൻപും സമാനമായ രീതിയിൽ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.

Print Friendly, PDF & Email

Leave a Comment

More News