ഗുരുഗ്രാമിൽ ആൾക്കൂട്ടം പള്ളി അടിച്ചു തകര്‍ത്തു; നമസ്ക്കരിച്ചുകൊണ്ടിരുന്നവരെ ആക്രമിച്ചു; ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി

ഗുരുഗ്രാം: ഇരുന്നൂറിലധികം വരുന്ന ജനക്കൂട്ടം ഗ്രാമത്തിലെ മസ്ജിദ് അടിച്ചുതകർക്കുകയും അകത്ത് പ്രാർത്ഥിച്ചുകൊണ്ടിരുന്നവരെ ആക്രമിക്കുകയും ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബുധനാഴ്ച രാത്രി ഭോര കലൻ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, വ്യാഴാഴ്ച വൈകുന്നേരം വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സുബേദാർ നജർ മുഹമ്മദ് നൽകിയ പരാതി പ്രകാരം, ഭോര കാലൻ ഗ്രാമത്തിൽ നാല് മുസ്ലീം കുടുംബങ്ങളാണുള്ളത്.

ബുധനാഴ്ച രാവിലെ രാജേഷ് ചൗഹാൻ എന്ന ബാബു, അനിൽ ബഡോറിയ, സഞ്ജയ് വ്യാസ് എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പേരടങ്ങുന്ന ഒരു ജനക്കൂട്ടം പള്ളി വളയുകയും പ്രാർത്ഥനാ ഹാളിൽ പ്രവേശിച്ച് ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

രാത്രി വീണ്ടും ഞങ്ങൾ പള്ളിയിലെ പ്രാർത്ഥനാ ഹാളിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടം വന്ന് നമസ്ക്കരിച്ചുകൊണ്ടിരുന്നവരെ ആക്രമിക്കുകയും പ്രാർത്ഥനാ ഹാൾ പൂട്ടുകയും ചെയ്തു. ഞങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സുബേദാർ പരാതിയിൽ പറഞ്ഞതായി പോലീസ് പറഞ്ഞു. അതേസമയം, പോലീസ് എത്തുമ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.

ആക്രമണം നടത്തിയ ജനക്കൂട്ടത്തിന്റെ ഭാഗമാകാന്‍ സാധ്യതയുള്ള ഒരു മൊബൈൽ ഫോൺ സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മുഹമ്മദിന്റെ പരാതിയെത്തുടർന്ന് രാജേഷ് ചൗഹാൻ, അനിൽ ബഡോറിയ, സഞ്ജയ് വ്യാസ് തുടങ്ങി നിരവധി പേർക്കെതിരെ കലാപം, മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക, നിയമവിരുദ്ധമായി സംഘം ചേരൽ എന്നിവയുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകൾ പ്രകാരം ബിലാസ്പൂർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഞങ്ങൾ വസ്തുതകൾ പരിശോധിച്ചുവരികയാണെന്നും, നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എഎസ്ഐ ഗജേന്ദർ സിംഗ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News