ഹൈദരാബാദിൽ ഭർത്താവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

ഹൈദരാബാദ് (തെലങ്കാന): ഹൈദരാബാദില്‍ ഭർത്താവ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. തിങ്കളാഴ്ചയാണ് ചന്ദനഗറിലെ പാപ്പിറെഡ്ഡി കോളനിയിലെ ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് മൃതദേഹം കണ്ടെടുത്തത്. പോലീസ് സ്ഥലത്തെത്തി നാഗരാജു, ഭാര്യ സുജാത, മകൻ സിദ്ധപ്പ (11), മകൾ രമ്യശ്രീ (7) എന്നിവരുടെ മൃതദേഹം കണ്ടെത്തി.

വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഭാര്യയെയും മക്കളെയും ടൈലറിംഗ് കത്രിക കൊണ്ട് കുത്തിയ ശേഷം നാഗരാജു ആത്മഹത്യ ചെയ്താണെന്ന് പോലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

സംഗറെഡ്ഡി ജില്ലയിലെ പൊട്ടലംപാടു ഗ്രാമത്തിൽ നിന്നുള്ള നാഗരാജു ചന്ദനഗറിൽ പലചരക്ക് കട നടത്തിയാണ് ഉപജീവനം നടത്തുന്നത്. ഭാര്യ സുജാത തയ്യൽ ജോലി ചെയ്തു വരികയായിരുന്നു. നാഗരാജുവിന്റെ 11 വയസ്സുള്ള മകൻ സിദ്ധപ്പ അഞ്ചാം ക്ലാസിലും ഏഴുവയസ്സുള്ള മകൾ രമ്യശ്രീ രണ്ടാം ക്ലാസിലും പഠിക്കുകയായിരുന്നു.

നാഗരാജു സുജാതയോട് മോശമായാണ് പെരുമാറാറുള്ളതെന്നും, സൈക്കോയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. പോലീസ് സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News