ഓൺലൈൻ ആപ്പിലൂടെ 25 കോടിയുടെ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയെ സാഹസികമായി പിടികൂടി

തൃശൂർ: ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ സൂത്രധാരനായ മലപ്പുറം കാളികാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെ തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു.

മൈ ക്ലബ് ട്രേഡ്സ് എന്ന ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് 256 ദിവസത്തിനുള്ളിൽ നിക്ഷേപിച്ച പണം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ആളുകളിൽ നിന്ന് നേരിട്ട് പണം വാങ്ങി പണം നിക്ഷേപിക്കുമ്പോൾ മൊബൈൽ ഫോണിൽ തുല്യമായ ഡോളര്‍ കാണിക്കുന്ന രീതിയിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

എറണാകുളത്തെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഫ്ലാറ്റിലുണ്ടായിരുന്ന ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

ഇതേ തട്ടിപ്പ് സംബന്ധിച്ച് രാജേഷ്, അഡ്വ. പ്രവീൺ മോഹൻ, ഷിജോ പോൾ, സ്മിത ജോബി എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഫൈസലിനെതിരെ തൃശൂർ ജില്ലയിൽ മാത്രം 28 കേസുകളുണ്ട്. കൂടാതെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News