80-കാരിക്ക് രേഖ നല്‍കാന്‍ വിസമ്മതിച്ച കൃഷി ഓഫീസറെ എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് സ്ഥലം മാറ്റി

കൊച്ചി: 80കാരിക്ക് രേഖ നൽകാതിരുന്ന കൃഷി ഓഫീസറെ എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് സ്ഥലം മാറ്റി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ സംഭവത്തിലും 80കാരിക്ക് നീതി നിഷേധിക്കപ്പെട്ട സംഭവത്തിലുമാണ് കൃഷി ഓഫീസർക്കെതിരെ നടപടിയെടുത്തത്.

എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിലെ കൃഷി ഓഫീസർ എംബി രശ്മിയെയാണ് കണ്ണൂർ ജില്ലയിലെ ന്യൂ മാഹി കൃഷി ഭവനിലേക്ക് സ്ഥലം മാറ്റിയത്. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് രേഖക്കായെത്തിയ 80 വയസുകാരിക്ക് രേഖ നൽകാതിരുന്ന സംഭവത്തിലാണ് നടപടി.

പായിപ്ര പഞ്ചായത്തിലെ 22-ാം വാർഡിൽ താമസിക്കുന്ന എലിയാമ്മയാണ് ഭൂമി തരംമാറ്റുന്നതിന് കൃഷി ഓഫീസറെ സമീപിച്ചത്. എന്നാല്‍, രേഖ നല്‍കാന്‍ കൃഷി ഓഫീസര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പരാതിയുമായി ഏലിയാമ്മ പഞ്ചായത്തിനെ സമീപിച്ചു.

കൃഷി ഓഫീസറുടെ നടപടിയിൽ പ്രധിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയുടെ നേതൃത്വത്തിൽ കൃഷി ഭവന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധ പ്രകടനം നടത്തി. ഒടുവിൽ കൃഷി വകുപ്പിലെ എറണാകുളം ജില്ലയിലെ ഡപ്യൂട്ടി ഡയറക്ടർ ടാനി തോമസ് സ്ഥലത്തെത്തി രേഖ നൽകാൻ തീരുമാനമെടുത്തു.

ഇതിന് പിന്നാലെയാണ് ഇടത് അംഗങ്ങൾ മാത്യൂസ് വർക്കിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പ് മന്ത്രിയെ നേരിട്ട് ബന്ധപ്പെട്ട് കൃഷി ഓഫീസറെ മാറ്റണം എന്നാവശ്യപ്പെട്ടത്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എം ബി രശ്മിയെ സ്ഥലം മാറ്റുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News