എല്ലാ ജില്ലകളിലും മെറ്റബോളിക് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പ്രമേഹം നേരത്തേ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ പ്രമേഹത്തിന്റെ സങ്കീർണതകൾ നേരത്തേ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

എറണാകുളം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്ററിന്റെ വിജയത്തെ തുടർന്നാണ് സംസ്ഥാനത്തുടനീളം ഇത് വ്യാപിപ്പിക്കുന്നത്. പ്രമേഹം, രക്തസമ്മർദ്ദം എന്നിവയ്ക്ക് പുറമെ വൃക്കകളുടെ പ്രവർത്തനം, കണ്ണ്, പാദങ്ങളിലെ പ്രമേഹ പരിശോധന, പൾമണറി ഫംഗ്‌ഷൻ ടെസ്റ്റ്, ഡയറ്റ് കൗൺസിലിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ഈ കേന്ദ്രങ്ങൾ വഴി ഒരേ കുടക്കീഴിൽ ലഭ്യമാണ്. ഇതിലൂടെ പ്രമേഹം മാത്രമല്ല പ്രമേഹം മൂലമുള്ള ഗുരുതര രോഗങ്ങളേയും നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗനിർണയത്തിലെ കാലതാമസം പ്രമേഹത്തെ സങ്കീർണ്ണമാക്കുന്നു. അതുകൊണ്ട് സൂക്ഷിക്കുക. ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും പ്രമേഹം ഒരു പരിധി വരെ തടയാം. ‘പ്രമേഹം: ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷയ്ക്കായി’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹ രോഗ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങാന്‍ വൈകുന്നതും അതിന്റെ സങ്കീര്‍ണതകളെ കുറച്ചുള്ള അജ്ഞതയുമാണ് ഈ രോഗത്തെ അപകടകാരിയാക്കുന്നത്. ആ അറിവ് ജനങ്ങളില്‍ എത്തിക്കുന്നതിന് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസും ഐസിഎംആറും ചേർന്ന് നടത്തിയ പഠനത്തിൽ കേരളത്തിലെ 35 ശതമാനത്തിലധികം പേർക്ക് പ്രമേഹമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 15 ശതമാനം പേർക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ പ്രമേഹ നിയന്ത്രണ നിരക്ക് 16 ആണ്. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രമേഹ നിയന്ത്രണ നിരക്ക് 50 ആക്കി ഉയർത്തുകയാണ് ലക്ഷ്യം.

പ്രമേഹം നിര്‍ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചു വരുന്നു. ഏകദേശം 9 ലക്ഷത്തോളം പേരില്‍ പ്രമേഹ രോഗമുള്ളതായി ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയിലൂടെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 42 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയിട്ടുണ്ട്. അതില്‍ 8.6 ശതമാനം പേര്‍ക്ക് (3,62,375) പ്രമേഹ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.

സംസ്ഥാനത്തെ എല്ലാ കുടുംബക്ഷേമ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ, ജനറല്‍ ആശുപത്രികള്‍ വരെ ജീവിതശൈലി രോഗ നിര്‍ണയ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഈ ക്ലിനിക്കുകളില്‍ കൂടി പ്രമേഹത്തിനും രക്താദിമര്‍ദത്തിനും സൗജന്യമായി മരുന്ന് ലഭ്യമാക്കി വരുന്നു. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ പ്രാഥമികാരോഗ്യതലം മുതല്‍ സൗജന്യമായി ലഭ്യമാക്കുന്ന ഏക സംസ്ഥാനമാണ് കേരളം.

പ്രമേഹത്തിന്റെ സങ്കീർണമായ ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്താൻ 172 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നോൺ-മൈഡ്രിയറ്റിക് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ 14 ജില്ലാ ആശുപത്രികളിലും ഡയബറ്റിക് റെറ്റിനോപ്പതി നിർണയിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 82 ആശുപത്രികളിൽ ഡയബറ്റിക് ഫുട്ട് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഞരമ്പുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ സാധിക്കും.

Print Friendly, PDF & Email

Leave a Comment

More News