ഡോ. ബാബു സ്റ്റീഫൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമശ്രീ പ്ലാറ്റിനം സ്പോൺസർ

അമേരിക്കൻ മലയാളി സമൂഹത്തെ ശാക്തീകരിക്കുകയെന്ന ലക്ഷ്യവുമായി ഫൊക്കാനയിൽ പുതു ചരിത്രമെഴുതുന്ന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാർഡ് പരിപാടിയുടെ പ്ലാറ്റിനം സ്പോൺസറായി.

2023 ജനുവരി 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചി ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വർണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ, മാധ്യമരത്ന ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്. രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ഡോ. ബാബു സ്റ്റീഫൻ വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമായുള്ള പ്രമുഖ വ്യവസായി എന്നതിന് പുറമെ മാധ്യമ സംരംഭകനുമാണ്. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫന്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നിവ. കൈരളി ടിവിയില്‍ 88 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ അമേരിക്കയുടെ നിര്‍മ്മാതാവുമായിരുന്നു.

വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസർ കൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മലയാളികള്‍ക്ക് അഭിമാനമായ ബാബു സ്റ്റീഫനെ അടുത്തിടെ തേടിയെത്തിയത് വാഷിംഗ്ടണ്‍ ഡിസി മേയറുടെ ആദരമാണ്. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍ നടത്തിയ ചൈനാ യാത്രാ ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഉണ്ടായിരുന്നു.

ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്‌കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്.

വാഷിംഗ്ടനിൽ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. ഇന്തോ അമേരിക്കന്‍ കമ്യൂണിറ്റിയില്‍ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപന സമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്‌റ്റേറ്റ്സ് കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ (എഫ്.ഐ.എ) റീജിയണല്‍ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ (എ.ഐ.എ) പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു നഴ്‌സിംഗ് ഹോമില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ പതിനാറ് നഴ്‌സിംഗ് ഹോമുകൾ നടത്തുന്നു. അവയുടെ ചുമതല ഭാര്യയ്ക്കാണ്. ആദ്യത്തെ നഴ്‌സിംഗ് ഹോം പണിതതില്‍ നിന്നാണ് കണ്‍സ്ട്രക്ഷന്‍ രംഗത്തേക്കുള്ള ചുവടുവെയ്പ്. കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ചുമതല ബാബു സ്റ്റീഫനാണ്. ആവശ്യക്കാര്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനു പുറമെ 62 കെട്ടിടങ്ങള്‍ സെമി ലീസിനു നല്‍കിയിരിക്കുന്നു. പലതും സര്‍ക്കാരിനാണ്. വാടക കിട്ടും. കണ്‍സ്ട്രക്ഷന്‍ രംഗം ഏറെ ആദായകരമാണെന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

എണ്‍പതുകളില്‍ ജോയി ചെറിയാന്‍ സ്ഥാപിച്ച പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയിലും സജീവമായി പ്രവര്‍ത്തിച്ചു.

ഫൊക്കാനക്കു ആസ്ഥാനം സ്ഥാപിക്കുന്നത് മുതൽ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾക്കും അദ്ദേഹം സാരഥ്യം വഹിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News