ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് സംസ്ഥാനതല പ്രത്യേക ദൗത്യസംഘം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാന തലത്തിൽ മിന്നൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾക്കായി പ്രത്യേക സംസ്ഥാന ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ടാസ്‌ക് ഫോഴ്‌സിന് പരിശോധന നടത്താം. അതത് പ്രദേശത്തെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാകുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഫുഡ് സേഫ്റ്റി ഓഫീസർമാർ മുതൽ കമ്മീഷണർമാർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടികൾ ശക്തമാക്കിയതായി യോഗം വിലയിരുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വര്‍ഷം ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2019 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 18,845 ടെസ്റ്റുകളും 2020ൽ 23,892 ടെസ്റ്റുകളും 2021ൽ 21,225 ടെസ്റ്റുകളും നടത്തി. എന്നാൽ, കഴിഞ്ഞ ആറുമാസത്തിനുള്ളിൽ അരലക്ഷത്തോളം പരിശോധനകൾ നടത്തി. 2019ൽ 45 കടകളും 2020ൽ 39 കടകളും 2021ൽ 61 കടകളും കഴിഞ്ഞ ആറുമാസത്തിനിടെ 149 സ്ഥാപനങ്ങളും പൂട്ടി.

സംസ്ഥാനത്ത് ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ലൈസൻസ് റദ്ദാക്കപ്പെട്ടാൽ അത് കമ്മീഷണർ കണ്ട് മാത്രമേ പുന:സ്ഥാപിക്കുന്നതിന് അനുമതി നൽകാൻ പാടുള്ളൂ. കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണം. രാത്രികാലങ്ങളിൽ ചെക്ക് പോസ്റ്റുകൾ, തട്ടുകടകൾ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായി പരിശോധനകൾ നടത്തണം. ഒന്നിച്ച് കൂടുതൽ ശക്തമായി മുന്നോട്ട് പോകണം. പരിശോധനകളും പ്രോസിക്യൂഷൻ നടപടികളും ഭയരഹിതമായി നടത്തണം. പരിശോധനകൾ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കണം. ശരിയായ രീതിയിൽ ജോലി ചെയ്യുന്ന എല്ലാ ജിവനക്കാർക്കും സർക്കാരിന്റെ പരിരക്ഷയുണ്ടാകും. പരാതി ലഭിക്കുമ്പോൾ കൃത്യമായ നടപടി സ്വീകരിക്കണം. നിയമം ദുരുപയോഗം ചെയ്യരുത്. മുൻകൂട്ടിയറിയിക്കാതെ പരിശോധനകൾ ഉറപ്പാക്കണം. പോലീസ് സംരക്ഷണം ആവശ്യമെങ്കിൽ തേടണം.

എൻഫോഴ്‌സ്‌മെന്റ് അവലോകനങ്ങൾ രണ്ടാഴ്ചയിലൊരിക്കൽ നടത്തണം. സംസ്ഥാനതലത്തിൽ മാസത്തിലൊരിക്കൽ മൂല്യനിർണയം നടത്തി തുടർനടപടികൾ സ്വീകരിക്കണം. ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്തും. ഇനി മുതൽ പരിശോധന നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യമായി ഓൺലൈൻ വഴി അപ്‌ലോഡ് ചെയ്യണം. ഇത് സംസ്ഥാനതലത്തിൽ വിലയിരുത്തണം. ഹോട്ടലുകൾക്ക് ശുചിത്വ റേറ്റിംഗ് സംവിധാനവും പൊതു വിവര പോർട്ടലും ഉടൻ സ്ഥാപിക്കും.

Print Friendly, PDF & Email

Related posts

Leave a Comment