അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റുമെന്ന് വിദഗ്ധസമിതി

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ സ്ഥലം മാറ്റാൻ തീരുമാനം. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് തീരുമാനം. അരിക്കൊമ്പനെ മയക്കുവെടിവെച്ച് കൂട്ടിലടക്കേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. ആനയെ പിടികൂടി മറ്റേതെങ്കിലും ഉൾ വനത്തിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. മദപ്പാട് മാറ്റിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കണമെന്ന ശുപാർശയും പരിഗണനയിലാണ്. വിദഗ്ധ സമിതി ഇക്കാര്യങ്ങൾ ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യും.

അതേസമയം അരിക്കൊമ്പനെ പിടികൂടാൻ വൈകുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനങ്ങൾ ശക്തമായ പ്രതിഷേധം തുടരുകയാണ്. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടുന്നത് വരെ സമരം തുടരാനാണ് ജനങ്ങളുടെ തീരുമാനം. പൂപ്പാറയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ധർണ നടത്തും.

അരിക്കൊമ്പന്റെ ആക്രമണങ്ങൾക്ക് ഇരയായവരെ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. കോടതി നിയോഗിച്ച വിദഗ്ധ സമിതി സ്ഥലം സന്ദർശിക്കണമെന്ന ആവശ്യവും നാട്ടുകാർ മുന്നോട്ട് വയ്ക്കുന്നുണ്ട്.

അതേ സമയം അരിക്കൊമ്പൻ ഇന്നലെ വീണ്ടും ജനവാസ മേഖലയിലെത്തി. പിടിയാനയും കുട്ടിയാനകളുമായാണ് എത്തിയത്. സിങ്കുകണ്ടം സിമന്റ് പാലത്തിന് സമീപത്തെ യൂക്കാലി മരങ്ങൾക്കിടയിലാണ് അഞ്ച് ആനകളുടെ കൂട്ടത്തോടെ എത്തിയത്. സംഘത്തെ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്.

Print Friendly, PDF & Email

Leave a Comment

More News