കെ കരുണാകരനും സോണിയ ഗാന്ധിയും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണക്കാരി പത്മജ: കെ.വി. തോമസിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തൽ

കൊച്ചി: മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരനും സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാനുള്ള കാരണക്കാരി കരുണാകരന്റെ മകൾ പത്മജ വേണുഗോപാലുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളാണെന്ന് മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ആത്മകഥയായ ‘കുമ്പളങ്ങി ടു ചെങ്കോട്ട വരെ’ എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ എഴുതിയിട്ടുള്ളത്.

2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ കരുണാകരൻ ആഗ്രഹിച്ചിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. കരുണാകരന്റെ അഭ്യർത്ഥന പ്രകാരം താന്‍ സോണിയ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം കെ വി തോമസ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, “എന്തുകൊണ്ടാണ് നിങ്ങൾ പത്മജയെ പിൻവാതിലിലൂടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്?” എന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുപടിയെന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു. ഈ സംഭവത്തോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയെന്നും അദ്ദേഹം എഴുതി.

അതേസമയം, 2001-ൽ കെ.പി.സി.സി പ്രസിഡന്റായി കെ. മുരളീധരനെ നിയമിച്ചതിൽ സോണിയ ഗാന്ധിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. എന്നാൽ, അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ സ്ഥിരത കണക്കിലെടുത്ത് അവർ ഒടുവിൽ തീരുമാനത്തിന് വഴങ്ങി എന്നും പരാമർശിക്കുന്നു. ഹൈക്കമാൻഡിന്റെ നിലപാടിന് വിരുദ്ധമായി കോടോത്ത് ഗോവിന്ദൻ നായരെ രാജ്യസഭാ സ്ഥാനാർത്ഥിയായി നിയമിച്ചത് കരുണാകരൻ-സോണിയ ബന്ധത്തെ കൂടുതൽ അകറ്റിയെന്നാണ് ആത്മകഥയില്‍ പ്രതിപാദിച്ചിരിക്കുന്ന മറ്റൊരു ആരോപണം.

എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഹൈക്കമാന്റില്‍ കരുണാകരന്റെ സ്വാധീനം ശക്തമായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. മന്ത്രിസഭാ യോഗങ്ങൾക്ക് മുമ്പ് കോൺഗ്രസ് മന്ത്രിമാർ ഫയലുകളുമായി കരുണാകരന്റെ വസതി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും, രാഷ്ട്രീയ ധാർമ്മികതയ്ക്ക് അനുസൃതമല്ലാത്തതിനാൽ താന്‍ അതിനെ ശക്തമായി എതിർത്തിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആവശ്യമെങ്കിൽ താന്‍ രാജിവയ്ക്കാമെന്ന് കരുണാകരനെയും അറിയിച്ചിരുന്നുവെന്ന് ആത്മകഥയിൽ അവകാശപ്പെടുന്നു.

മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവുമായി കരുണാകരന് അത്ര സൗഹൃദപരമായ ബന്ധമൊന്നുമല്ലായിരുന്നുവെന്നും പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. നരസിംഹ റാവുവിനെ “പി.എം.” അല്ലെങ്കിൽ മറ്റേതെങ്കിലും പേര് വിളിക്കാൻ കരുണാകരൻ തയ്യാറായിരുന്നില്ല, പക്ഷേ പലപ്പോഴും അദ്ദേഹത്തെ “പി.വി” എന്ന് വിളിച്ചിരുന്നുവെന്ന് കെ.വി. തോമസ് രേഖപ്പെടുത്തുന്നു. ഈ സമീപനം നരസിംഹ റാവുവിനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു.

നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഉൾക്കാഴ്ചകളെക്കുറിച്ച് വളരെ അടുത്തറിയാവുന്ന കെ.വി. തോമസ് നിലവിൽ ഇടതുപക്ഷത്താണ്. ചെറുപ്പംമുതൽ ഡയറി എഴുതുന്ന ആളാണ് താനെന്നും, അവ നോക്കിയാണ് പുസ്തകം എഴുതിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ലീഡറോടും കുടുംബത്തോടും വലിയ കടപ്പാടുണ്ട്. പത്മജയേയോ മുരളീധരനേയോ വേദനിപ്പിക്കണം എന്ന് വിചാരിച്ചിട്ടില്ല. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഡയറിക്കുറിപ്പിലെ കാര്യങ്ങളാണ് പുസ്തകത്തിൽ എഴുതിയിരിക്കുന്നത് അതുകൊണ്ടുതന്നെ ആരോടും ഒന്നിനും മറുപടി പറയാനില്ല. അതിൽ സത്യമുണ്ടോ ഇല്ലയോ എന്ന് ജനം തീരുമാനിക്കട്ടെ,” അദ്ദേഹം പറഞ്ഞു.

കെ.വി. തോമസിന്റെ രാഷ്ട്രീയ ജീവിതം:
1970-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ തോമസ് 1970-1975 കാലഘട്ടത്തിൽ കോൺഗ്രസിൻ്റെ കുമ്പളങ്ങി പഞ്ചായത്തിലെ ഏഴാം വാർഡ് പ്രസിഡൻറായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1977 മുതൽ 2022 വരെ കെ.പി.സി.സി അംഗമായിരുന്നു. 1978 മുതൽ 1987 വരെ എറണാകുളം ഡി.സി.സിയുടെ ജനറൽ സെക്രട്ടറിയായ തോമസ് 1978 മുതൽ 1993 വരെ ഐ.എൻ.ടി.യു.സിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും 1984 മുതൽ 2022 വരെ എ.ഐ.സി.സി അംഗമായും പ്രവർത്തിച്ചു.

1984-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1989, 1991 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് വീണ്ടും ലോക്സഭ അംഗമായി. 1987 മുതൽ 2001 വരെ എറണാകുളം ഡി.സി.സി.യുടെ പ്രസിഡൻറായിരുന്നു. 1992 മുതൽ 1997 വരെ കെ.പി.സി.സി.യുടെ ട്രഷറർ എന്ന നിലയിലും പ്രവർത്തിച്ചു.

1996-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്ന് ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറക്കൽലിനോട് പരാജയപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചെത്തി. 2001-ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട തോമസ് 2006-ൽ എറണാകുളത്ത് നിന്ന് വീണ്ടും എം.എൽ.എ ആയി. 2001-2004 കാലത്ത് എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

2009-ൽ എം.എൽ.എ ആയിരിക്കെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ വീണ്ടും പാർലമെൻ്റ് അംഗമായി. 2009 മുതൽ 2014 വരെ കേന്ദ്രത്തിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന തോമസ് 2014-ൽ നടന്ന പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ അഞ്ചാമത്തെ തവണയും എറണാകുളത്ത് നിന്ന് തന്നെ ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2019-ലെ പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് തോമസിന് പകരം സിറ്റിംഗ് എം.എൽ.എയായിരുന്ന ഹൈബി ഈഡനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചതും ജയിച്ചതും. ഇതിനെ തുടർന്ന് കേരളത്തിലെ പാർട്ടി നേതൃത്വവുമായും ഹൈക്കമാൻ്റുമായും ഏറെ നാൾ അകൽച്ചയിലായിരുന്നു തോമസ്‌.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും പിന്നീട് കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടർന്ന് 2021 ഫെബ്രുവരി പതിനൊന്ന് മുതൽ കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡൻറായി നിയമിതനായി. കെ.പി.സി.സിയുടെ വിലക്ക് മറികടന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ സെമിനാറിൽ പങ്കെടുത്തതിന് 2022 ഏപ്രിൽ 30ന് കെ.പി.സി.സിയിൽ നിന്നും രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ടു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷത്തിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിനെ തുടർന്ന് 2022 മെയ് 12ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.

Leave a Comment

More News