എടത്വ: കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പാക്കേജ് ടൂറുകൾ വാഗ്ദാനം ചെയ്യുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പദ്ധതിയിൽ ഉപയോഗിക്കുന്ന ബസുകളുടെ നിലവാരം മെച്ചമാക്കണമെന്നും, യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. ജോൺസൺ വി ഇടിക്കുള സംസ്ഥാന ചീഫ് സെക്രട്ടറിക്കും കെഎസ്ആർടിസി ചീഫ് മാനേജിംഗ് ഡയറക്ടർക്കും നിവേദനം നല്‍കി.
പ്രത്യേക സേവനങ്ങളിലൂടെ ജനപ്രിയ സ്ഥലങ്ങളായ ഹിൽ സ്റ്റേഷനുകൾ, കായലുകൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നതിന് താങ്ങാനാവുന്ന ബജറ്റിൽ കെഎസ്ആർടിസി വിഭാവനം ചെയ്ത പദ്ധതിയാണ് ബജറ്റ് ടൂറിസം സെൽ.
എന്നാൽ, സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെ “ഉല്ലാസയാത്ര” കൾ ദുരിത യാത്രയായി മാറുകയാണ്. “ഉല്ലാസയാത്ര “എന്ന് ബോർഡ് വെച്ചുകൊണ്ട് പഴകിയ ബസുകൾ ഓടിച്ചാൽ ആനന്ദ യാത്രകൾ ആകില്ലെന്നും, യാത്രക്കിടയിൽ ബസ്സുകൾ കേടായി സഞ്ചാരികള്‍ അർദ്ധരാത്രിയിൽ പെരുവഴിയിലാകുന്നത് തുടർ സംഭവങ്ങളാകുന്നതായും അടിയന്തിര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

