ബുദ്ധിമുട്ടുള്ള ഷൂട്ടിംഗ് രംഗങ്ങൾ പൂർത്തിയാക്കി മലൈക്കോട്ടൈ വാലിബൻ രാജസ്ഥാൻ ഷെഡ്യൂളിന് പാക്കപ്പ്

മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയാക്കി. 77 ദിവസം നീണ്ട ചിത്രീകരമായിരുന്നു രാജസ്ഥാനിൽ. ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങൾ പൂർത്തിയാക്കി അവസാന ഘട്ട ചിത്രീകരണം മേയിൽ ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിലാണ് നടക്കുന്നത്. ഒരു പാട് പ്രതിസന്ധികൾ തരണം ചെയ്ത്, ബുദ്ധിമുട്ടുകൾ ഉണ്ടായ ഘട്ടത്തിലും ഒത്തൊരുമയോടെ ഷൂട്ടിങ്ങിന്റെ അവസാനഘട്ടം വരെ സഹകരിച്ച അണിയറ പ്രവർത്തകർക്ക് ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറഞ്ഞു. രാജസ്ഥാൻ ലൊക്കേഷനിൽ നിന്നും ലിജോ പാക്കപ്പ് പറയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

“നമ്മുടെ മലൈക്കോട്ടൈ വാലിബൻ ഒരുപാടു വലിയ തരത്തിലുള്ള നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്തെടുക്കാൻ ബുദ്ധിമുട്ടുള്ള സീക്വൻസുകളുള്ള ചിത്രമാണ്. രാജസ്ഥാൻ പോലെ ഒരു സ്ഥലത്തു വന്നു നമുക്കതു ഷൂട്ട് ചെയ്തെടുക്കണമായിരുന്നു. അത് വിജയകരമായി പൂർത്തിയാക്കി എന്നുള്ളത് ഞാൻ ഇവിടെ പറഞ്ഞു കൊള്ളട്ടെ. നമുക്ക് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതിരിന്നിട്ടില്ല. അതൊക്കെ തരണം ചെയ്തു നമ്മൾ ഷെഡ്യൂൾ വിജയകരമായി പൂർത്തിയാക്കി എന്നുള്ളതിലാണ് നമ്മളെല്ലാപേരും സന്തോഷിക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഈ സിനിമയുടെ ഭാഗമായ എല്ലാപേർക്കും നന്ദി” ലിജോ പറഞ്ഞു. ഒപ്പം രാജസ്ഥാനിൽ ഇത്രയും നാൾ ചിലവിട്ട കാരണം ഹിന്ദിയിൽ സംസാരിച്ചപ്പോൾ തന്റെ ഹിന്ദി ഭാഷ കൂടുതൽ മെച്ചപ്പെടാൻ ഈ ചിത്രീകരണം കൊണ്ട് സാധിച്ചുവെന്നും കൂട്ടിച്ചേർത്തു.

വിദേശതാരങ്ങൾ അടക്കം വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രിയേറ്റിവ് ലിമിറ്റഡിനൊപ്പം കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ് ,അനൂപിന്റെ മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മൊണാസ്ട്രി എന്നിവർ ചേർന്നാണ് നിർമ്മാണം. പി എസ്സ് റഫീക്കിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ഛായാഗ്രഹണം മധു നീലകണ്ഠൻ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ. പി ആർ ഓ : പ്രതീഷ് ശേഖർ.

video link : https://twitter.com/propratheesh/status/1643519102923972611?s=46&t=ifqMw6uce5bk6BAl60yB8Q

Print Friendly, PDF & Email

Leave a Comment

More News