അരിക്കൊമ്പന്റെ ആരോഗ്യ നില മോശമായി; ചികിത്സ നല്‍കിയതിനു ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നു വിട്ടാല്‍ മതിയെന്ന്

തിരുനെൽവേലി: കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിൽ കാട്ടിലേക്ക് തുറന്നുവിടാൻ കൊണ്ടുവന്ന അരിക്കൊമ്പന്റെ ആരോഗ്യനില മോശമെന്ന് വിലയിരുത്തൽ. തമിഴ്നാട് വനംവകുപ്പ് നടത്തിയ പരിശോധനയിൽ കൊമ്പന്റെ ആരോഗ്യനില മോശമാണെന്ന് വിലയിരുത്തി. മയക്കു വെടിക്ക് അടിമപ്പെട്ടതും 200 കിലോമീറ്ററിലധികം തുടർച്ചയായി സഞ്ചരിക്കേണ്ടി വന്നതും അരീക്കൊമ്പനെ തളർത്തിയിരുന്നു.

തേനിയിൽ നിന്ന് തിരുനെൽവേലിയിലേക്കുള്ള യാത്രയിൽ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമാണ് യാത്ര തുടർന്നത്. തേനിയിൽ നിന്നാണ് അരീക്കൊമ്പനെ കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെത്തിച്ചത്. ഇന്ന് വനത്തിലേക്ക് വിടരുതെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നുവെങ്കിലും വൈകുന്നേരത്തോടെ കോടതി ഇളവ് നൽകുകയായിരുന്നു.

അരിക്കൊമ്പന്റെ ഈ അവസ്ഥയിൽ കാട്ടിൽ തുറന്നുവിടാനാകില്ലെന്നും രണ്ട് ദിവസം ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് വിട്ടാൽ മതിയെന്നുമാണ് തമിഴ്‌നാട് വനം വകുപ്പിന്റെ തീരുമാനം. ആവശ്യമെങ്കിൽ കോതയാർ ആനസങ്കേതത്തിൽ എത്തിച്ച് ചികിത്സിക്കാനും ആലോചിക്കുന്നുണ്ട്.

പുലർച്ചെ തേനിയിൽ നിന്ന് തുടങ്ങിയ യാത്ര വൈകുന്നേരത്തോടെയാണ് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ എത്തിയത്. അരിക്കൊമ്പനെ ഇവിടെ വിടുന്നതിനെതിരെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടുവാസങ്കേതത്തിലെ ജലസംഭരണി വരെ മാത്രമായിരുന്നു മാദ്ധ്യമങ്ങൾക്ക് ഉൾപ്പെടെ പ്രവേശനം അനുവദിച്ചത്. ഇവിടെ നിന്നും 35 കിലോമീറ്റർ ഉൾക്കാട്ടിലേക്ക് അരിക്കൊമ്പനെ തുറന്നുവിടുമെന്നായിരുന്നു തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചത്.

അരിക്കൊമ്പിന്റെ തുമ്പിക്കൈയിലുൾപ്പെടെയുള്ള മുറിവുകൾ ആനയ്ക്ക് നേരത്തെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ചിന്നക്കനാലിലെ ജനങ്ങൾക്ക് ഭീഷണിയായിരുന്ന അരീക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ച ശേഷം കേരള വനംവകുപ്പ് തുറന്നുവിടുകയായിരുന്നു. എന്നാൽ ദിവസങ്ങൾക്കകം വനത്തിൽനിന്നു കമ്പം ടൗണിൽ എത്തിയ അരീക്കൊമ്പൻ ഇവിടെയും വ്യാപക നാശം വിതച്ചു. തുടർന്നാണ് ആനയെ വീണ്ടും മയക്കുവെടിവെച്ച് കാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.

Print Friendly, PDF & Email

Leave a Comment

More News