പരീക്ഷയെഴുതില്ലെങ്കിലെന്താ….. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ജയിച്ചു, അതും മഹാരാജാസ് കോളേജില്‍!!

കൊച്ചി: സെമസ്റ്റർ ഫലം വന്നപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ പരീക്ഷയെഴുതാതിരുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജയിച്ചു. മഹാരാജാസ് കോളജിലെ വിദ്യാർഥിയായ പി.എം. ആര്‍ഷോയ്‌ക്കെതിരെയാണ് ആരോപണം.

ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ ഫലത്തിലാണ് ആർഷോ വിജയിച്ചത്. കേസുകളിൽ പെട്ട് ജയിലിലായതിനാൽ ആർഷോ പരീക്ഷയെഴുതിയില്ല. എന്നാൽ, മാർക്ക് ലിസ്റ്റിൽ വിജയിച്ചതായി രേഖപ്പെടുത്തി.

കോളജിലെ കെഎസ്‌യു വിദ്യാർത്ഥികളാണ് വിഷയം മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപെടുത്തിയത്. വ്യാജ രേഖ ചമച്ച് ഗസ്റ്റ് ലക്ചറർ ജോലിക്ക് കോളജിലെ പൂർവ്വ വിദ്യാർത്ഥിനി ശ്രമിച്ച സംഭവത്തിൽ കോളജ് അധികൃതരുടെ പ്രതികരണമെടുക്കാൻ ക്യാമ്പസിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് വിദ്യാർത്ഥികൾ ആർഷോയുടെ മാർക്ക് ലിസ്റ്റ് സഹിതം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.

ബാക്കി എല്ലാ വിദ്യാർത്ഥികൾക്കും അഞ്ച് വിഷയങ്ങളും അതിന്റെ മാർക്കും കാണിക്കുന്നുണ്ട്. എന്നാൽ ആർഷോയ്ക്ക് ടിസിപിയും എസ്‌സിപിഎയും സെമസ്റ്റർ ഗ്രേഡും  ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സെമസ്റ്റർ റിസൾട്ടിന്റെ സ്ഥാനത്ത് പാസ്ഡ് എന്നാണ് രേഖപ്പെടുത്തുന്നത്. 2021 ലാണ് ആർഷോ കോഴ്‌സിന് അഡ്മിഷൻ എടുത്തത്.

എസ്എഫ്‌ഐക്ക് വേണ്ടി മാത്രമാണോ സംസ്ഥാന കലാലയങ്ങളിൽ സമാന്തര സംവിധാനം പ്രവർത്തിക്കുന്നത് എന്ന സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണ് കെഎസ്‌യു നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പരാതി ഉയർന്ന ശേഷം ഇക്കാര്യം പരിശോധിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News