വ്യാജ സര്‍ട്ടിഫിക്കറ്റ്: വിദ്യയ്‌ക്കെതിരെ മറ്റൊരു വഞ്ചനാ കേസും രജിസ്റ്റർ ചെയ്തതായി പോലീസ്

പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ്‌ കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ കെ വിദ്യയ്ക്കെതിരെ സമാനമായ മറ്റൊരു കേസുണ്ടെന്ന്‌ പോലീസ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍.

നീലേശ്വരം പോലീസ്‌ സ്റേഷനില്‍ ക്രൈം നമ്പര്‍ 465/2023 പ്രകാരം വഞ്ചനാക്കേസ്‌ ഫയല്‍ ചെയ്തിട്ടുണ്ട്‌. ഐപിസി 465, 468, 471, 420 വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം ഇതില്‍ നിന്ന്‌ വ്യക്തമാണെന്ന്‌ മണ്ണാര്‍ക്കാട്‌ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.

ബുധനാഴ്ച വൈകീട്ട് 5.40ന്‌ കോഴിക്കോട്‌ വടകര വില്യാപ്പള്ളില്‍ രാഘവന്റെ വീട്ടില്‍ നിന്നാണ്‌ പ്രതിയെ പിടികൂടിയത്‌. 4-6-2018 മുതല്‍ 31-3-2019 വരെയും 10-6-2020 മുതല്‍ 31-3-2021 വരെയും മഹാരാജാസ്‌ കോളേജില്‍ മലയാളം അസിസ്റ്റന്റ്‌ പ്രൊഫസറായി ജോലി ചെയ്തതായി കാണിച്ച്‌ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കി. മഹാരാജാസിന്റെ ഓഫീസ്‌ സീലും സ്പെഷ്യല്‍ ഗ്രേഡ്‌ പ്രിന്‍സിപ്പലിന്റെ പദവി സീലും ഒപ്പും വ്യാജമാണ്‌. വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഒറിജിനലാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ ജോലി നേടാന്‍ ശ്രമിച്ചത്‌. പ്രതിക്ക്‌ ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ച്‌ തെളിവ്‌ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ ആളുകളുടെ പങ്ക് കണ്ടെത്തണം: പോലീസ്‌

– ജൂണ്‍ രണ്ടിന്‌ അട്ടപ്പാടി കോളേജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിലെ സീലുകളും ഒപ്പുകളും ഒറിജിനല്‍ സീലുകളുടെയും
ഒപ്പുകളുടെയും മാതൃകകളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്‌.

– വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയതിന്‌ പിന്നില്‍ കൂടുതല്‍ പേര്‍ക്ക്‌ പങ്കുണ്ടോയെന്ന്‌ കണ്ടെത്തണം.

– അട്ടപ്പാടി ആര്‍ജിഎം കോളജില്‍ മഹാരാജാസ്‌ കോളജിലെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്‌ പ്രതി ഹാജരാക്കിയിട്ടില്ല.

– കരിന്തളം കോളേജ്‌ പത്തിരിപ്പാലയുടെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കി. പത്തുമാസം ഇവിടെ ഗസ്റ്റ്‌ ലക്ടററായിരുന്നു.

– പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കാതെ ഏഴു മാസത്തോളം പത്തിരിപ്പാലയില്‍ ഗസ്റ്റ്‌ ലക്ചററായി ജോലി ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News