ഡോ വി വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ക് ദർവേഷ് സാഹിബ് പുതിയ ഡിജിപി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ്‌ സെക്രട്ടറിയായി ഡോ വി വേണുവിനെയും അടുത്ത ഡിജിപിയായി ഷെയ്ഖ് ദര്‍വേഷ്‌ സാഹിബിനെയും നിയമിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

1990 ബാച്ചിലെ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ വേണു. നിലവില്‍ ആഭ്യന്തര, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയാണ്‌ അദ്ദേഹം
വഹിക്കുന്നത്‌. ഡോക്ടറായ ശേഷമാണ് അദ്ദേഹം സിവില്‍ സര്‍വീസ്‌ പാസായത്. തദ്ദേശ സ്വയംഭരണ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ശാരദ മുരളീധരനാണ്‌ വേണുവിന്റെ ഭാര്യ.

സാഹിബ്‌ ഇപ്പോള്‍ ഫയര്‍ഫോഴ്സ് മേധാവിയായി സേവനമനുഷ്ടിക്കുന്നു. 1990 ബാച്ചിലെ ഐപിഎസ്‌ ഉദ്യോഗസ്ഥനാണ്‌.

ഷെയ്ഖ് ദര്‍വേഷ്‌ സാഹിബിനെ കൂടാതെ ജയില്‍ സൂപ്രണ്ട്‌ കെ പത്മകുമാറിനെയും ഡിജിപി സ്ഥാനത്തേക്ക്‌ പരിഗണിച്ചിരുന്നു. പത്മകുമാര്‍ സീനിയോറിറ്റിയില്‍ മുന്നിലായിരുന്നു. എന്നാല്‍, സുപ്രധാന ചുമതലകള്‍ ലഭിച്ചപ്പോഴെല്ലാം ഒരു വിവാദത്തിലും പെടാതെ മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയെടുത്ത ആളാണ്‌ സാഹിബ്‌.

നെടുമങ്ങാട്‌ എഎസ്പിയായാണ്‌ സാഹിബ്‌ ഓദ്യോഗിക ജീവിതം ആരംഭിച്ചത്‌. വയനാട്‌, കാസര്‍കോട്‌, കണ്ണൂര്‍, പാലക്കാട്‌, റെയില്‍വേ, സ്റ്റേറ്റ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌, കെഎപി രണ്ടാം ബറ്റാലിയന്‍, എംഎസ്പി എന്നിവിടങ്ങളില്‍ എസ്പിയായി പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എഡിസിയായും സേവനമനുഷ്ഠിച്ച അദ്ദേഹം കൊസോവോയിലെ യുഎന്‍ മിഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ്‌ കമ്മിഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ നാഷണല്‍ പോലീസ്‌ അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറകുറും ഡെപ്യൂടി ഡയറക്ടറുമായിരുന്നു. എസ്ബിസിഐഡി, പൊലീസ്‌ ആസ്ഥാനം, തിരുവനന്തപുരം റേഞ്ച്‌, തൃശൂര്‍ റേഞ്ച്‌, ആംഡ്‌ പൊലീസ്‌ ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐജിയായിരുന്നു. അഡീഷണല്‍ എക്സൈസ്‌ കമ്മീഷണറായും കേരള പോലീസ്‌ അക്കാദമി ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ്‌ ആസ്ഥാനം, വിജിലന്‍സ്‌, ക്രൈംബ്രാഞ്ച്‌, ഉത്തരമേഖല, ക്രമസമാധാനം, കേരള പൊലീസ്‌ അക്കാദമി ഡയറക്ടര്‍, ജയില്‍ സൂപ്രണ്ട്‌ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അമേരിക്കയില്‍ നിന്നടക്കം പരിശീലനം നേടിയിട്ടുണ്ട്‌. കൃഷിയില്‍ ബിരുദധാരിയായ അദ്ദേഹം അഗ്രോണമിയില്‍ ഡോക്ടറേറ്റും ധനകാര്യത്തില്‍ എംബിഎയും നേടി.

വിശിഷ്ട സേവനത്തിന്‌ 2016-ല്‍ രാഷ്ട്രപതിയുടെ പോലീസ്‌ മെഡലും 2007-ല്‍ സ്കുത്യര്‍ഹമായ സേവനത്തിനുള്ള ഇന്ത്യന്‍ പോലീസ്‌ മെഡലും അദ്ദേഹത്തെ തേടിയെത്തി. അതി ഉത്കൃഷ്ട സേവാ പതക്കും ഐക്യരാഷ്ദ്രസഭയുടെ സമാധാന പരിപാലന മെഡലും ലഭിച്ചു.

ആന്ധ്രപദേശ് സ്വദേശിയാണ്‌. ഷെയ്ഖ്‌ ഫരീദ ഫാത്തിമയാണ്‌ ഭാര്യ, മക്കള്‍ ഡോ ആയിഷ ആലിയ, ഫറാസ്‌ മുഹമ്മദ്‌. മരുമകന്‍ മുഹമ്മദ്‌ ഇഫ്തേക്കര്‍.

Print Friendly, PDF & Email

Leave a Comment

More News