സംഘാടക സമിതി നിശ്ചയിച്ചിരുന്ന മണിക്കൂറുകൾക്ക് മുമ്പേ പ്രകൃതി കനിഞ്ഞ് തലവടി ചുണ്ടൻ ‘നീരണിഞ്ഞു ‘

തലവടി: നെഹ്റു ട്രോഫി ജലോത്സവത്തിൽ കന്നി അങ്കത്തിനായി പരിശീലനത്തിനു വേണ്ടി മാലിപ്പുരയിൽ നിന്നും നീരണിയുവാൻ സംഘാടക സമിതി നിശ്ചയിച്ചിരുന്ന മണിക്കൂറുകൾക്ക് മുമ്പേ പ്രകൃതി കനിഞ്ഞ് തലവടി ചുണ്ടൻ ‘നീരണിഞ്ഞു ‘. ശക്തമായ മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് താത്ക്കാലിക മാലിപ്പുരയിൽ വെള്ളം കയറിയത്.അതി ശക്തമായ ഒഴുക്കും ഈ പ്രദേശത്തുണ്ട്.

2023 പുതുവത്സരദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടൻ വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച സ്വീകരണത്തിന് ശേഷം തിരികെ താത്ക്കാലിക മാലിപ്പുരയിൽ കയറ്റി കഴിഞ്ഞ 6 മാസമായി സുഖചികിത്സയിലായിരുന്നു. സ്വന്തമായ വസ്തുവിൽ അത്യാധുനിക രീതിയിൽ ഡോക്ക് നിർമ്മിക്കാനാണ് തലവടി ടൗൺ ബോട്ട് ക്ലബ് ഉദ്യേശിച്ചിരിക്കുന്നത്.

തലവടി ദേശത്തിന് സ്വന്തമായി ചുണ്ടൻ വള്ളം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ചമ്പക്കുളം മൂലം ജലോത്സവത്തിൽ തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ പ്രകടനം ചെറുതന ചുണ്ടനിൽ ആയിരുന്നു.വലിയ പാരമ്പര്യം ഒന്നും അവകാശപെടാൻ ഇല്ലാഞ്ഞിട്ട് പോലും ചിട്ടയായ പരിശീലനവും മന കരുത്തും മെയ് കരുത്തും മൂലം തലവടി ടൗൺ ബോട്ട് ക്ലബ് ജലോത്സവ ലോകത്തിൻ്റെ മനസ്സ് കീഴടക്കി.ചെറുതന ചുണ്ടനിലെ അരങ്ങേറ്റം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.പ്രഗത്ഭരും പരിചയസമ്പന്നരുമായ ടീമുകളോട് പൊരുതി രണ്ടാം സ്ഥാനത്തെത്തിയതോട് വലിയ പ്രതീക്ഷയിൽ ആണ് തലവടി ഗ്രാമമെന്ന് മീഡിയ കോർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പറഞ്ഞു.

കെ.ആർ.ഗോപകുമാർ പ്രസിഡൻ്റ്, ജോജി ജെ വയലപ്പള്ളി സെക്രട്ടറി ,ഏബ്രഹാം പീറ്റർ പാലത്തിങ്കൽ ട്രഷറാർ, ഷിക്കു അമ്പ്രയിൽ, ജോമോൻ ചക്കാലയിൽ ടീം കോർഡിനേറ്റേഴ്സ് എന്നിവരടങ്ങിയ 29 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News