വിപിഐപി കാറുകൾക്കെന്താ കൊമ്പുണ്ടോ?; മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ച് പേര്‍ക്ക് പരിക്ക്; പോലീസ് ഡ്രൈവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കുമെതിരെ കേസ്

കൊല്ലം: മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ്‌ വാഹനം ആംബുലന്‍സില്‍ ഇടിച്ച സംഭവത്തില്‍ കൊട്ടാരക്കര പോലീസ്‌
കേസെടുത്തു. പൈലറ്റ് വാഹനത്തിന്റെയും ആംബുലന്‍സിന്റെയും ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ്‌ കേസ്‌. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തിരിക്കുന്നത്‌.

ഇന്നലെ വൈകിട്ടായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റത്. ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെത്തുടര്‍ന്ന് രോഗിയായ സ്ത്രീയെ നെടുമൻകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസ് പോകുംവഴി പുലമണ്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം.

കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ നെടുമന സ്വദേശി നിതിൻ, ഓടനാവട്ടം സ്വദേശി അശ്വകുമാർ, ഭാര്യ ദേവിക, ബന്ധു ഉഷാകുമാരി, ശൂരനാട് സ്‌റ്റേഷനിലെ പോലീസ് ജീപ്പ് ഓടിച്ച സിപിഒ ബിജുലാൽ എന്നിവർക്കാണ് പരിക്കേറ്റത്.

ഇതിനിടെ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍ പോലീസിനെതിരെ രംഗത്തെത്തി. കേസെടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവര്‍ തന്നെ കളിയാക്കുകയായിരുന്നുവെന്ന്‌ ഡ്രൈവര്‍ പറഞ്ഞു. മന്ത്രി പോകുന്ന വഴിക്ക്‌ വാഹനം കൊണ്ടുവന്നത്‌ എന്തിനാണെന്ന്‌ പോലീസ്‌ തന്നോട് ചോദിച്ചതായും ഡ്രൈവര്‍ നിതിന്‍ പറഞ്ഞു. തന്നെയുമല്ല, സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്ന് ചോദിച്ചു കളിയാക്കിയെന്നും നിതിൻ ആരോപിച്ചു. വണ്ടി കുപ്പത്തൊട്ടിയിൽ കളയാനും പറഞ്ഞു. ആശുപത്രിയിൽ ആയതിനാൽ സഹോദരൻ സന്തോഷാണ് സ്‌റ്റേഷനിൽ പോയതെന്നും നിതിൻ വ്യക്‌തമാക്കി.

പോലീസ്‌ സിഗ്നല്‍ അനുസരിച്ചാണ്‌ ആംബുലന്‍സ്‌ കടന്നുപോയത്‌. ആംബുലന്‍സില്‍ സൈറണുണ്ടായിരുന്നതായി രോഗിയുടെ ഭര്‍ത്താവ്‌ അശ്വകുമാര്‍ പറഞ്ഞു. വീഴ്‌ച വരുത്തിയത് പൈലറ്റ് വാഹനമാണ്. മന്ത്രി സ്വന്തം കാര്യം നോക്കി പോയെന്നും അടുത്തേക്ക് വരാനുള്ള മനസ് കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് അശ്വകുമാർ പോലീസിൽ പരാതി നൽകിയത്. അതേസമയം, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലൂടെയാണെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമാകുന്നത്.

Print Friendly, PDF & Email

Leave a Comment

More News