ഇന്ന് കര്‍ക്കടക വാവ്; വിവിധ ക്ഷേത്രങ്ങളില്‍ ആയിരങ്ങൾ ബലിതര്‍പ്പണം നടത്തി

തിരുവനന്തപുരം: ഇന്ന്, കർക്കടകവാവ് ദിനത്തില്‍, സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു. ആലുവ മണപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്നലെ രാത്രി മുതൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചിരുന്നു.

ആലുവ മണപ്പുറത്ത് അമ്പതിലധികം ബലിപീഠങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചവരെ ക്ഷേത്രത്തിൽ ബലിതർപ്പണം നടത്താം. ബലിതർപ്പണത്തിനെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണ ചടങ്ങുകൾ സുഗമമാക്കാൻ 500 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഇവിടെ താത്കാലികമായി പോലീസ് കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് വാഹന ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് പ്രമാണിച്ച് മണപ്പുറത്തേക്ക് പ്രത്യേത കെഎസ്ആർടിസി സർവ്വീസുകളും ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ ആണ് ബലിയിടാൻ ക്ഷേത്രത്തിൽ എത്തുന്നത്.

വർക്കല പാപനാശം കടപ്പുറത്തും ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഇവിടെ രാത്രി പത്തര മുതൽ തന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്.

തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിലും ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. പുലർച്ചെ 2.30 മുതലാണ് ഇവിടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. വൈകീട്ടുവരെ ഇവിടെ ആളുകൾക്ക് ബലിയിടാം.

Print Friendly, PDF & Email

Leave a Comment

More News