മനുഷ്യ മനസ്സിലെ നന്മകളെ പുറത്തെടുക്കലാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

മലപ്പുറം : മനുഷ്യ മനസ്സിലെ നന്മകളെ പുറത്തെടുക്കലാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും നന്മയുടെ പ്രതീകങ്ങളായ സമൂഹങ്ങളെ വാർത്തെടുക്കാൻ സഹായകമായിരിക്കണം മദ്രസാ വിദ്യഭ്യാസമെന്നും പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. കേരള മദ്രസ എജ്യുക്കേഷൻ ബോർഡ് 2022-23 അധ്യയന വർഷത്തിലെ പ്രൈമറി, സെക്കണ്ടറി മദ്രസ പൊതു പരീക്ഷകളിൽ റാങ്ക് നേടിയവർക്കുള്ള സംസ്ഥാനതല അവാർഡ് ദാനം മക്കരപ്പറമ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസയിലൂടെ നേടിയെടുത്ത മൂല്യങ്ങൾ അവരുടെ തുടർ ജീവിതത്തിലും പ്രതിഫലക്കണമെന്നും മദ്രസ പഠനം പൂർത്തിയാക്കിയവരിൽ അതിനാവശ്യമായ തുടർ പരിപാടികൾ മഹല്ല് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള മദ്രസ എജ്യുക്കേഷൻ ബോർഡ് മദ്രസ പൊതു പരീക്ഷകളിൽ റാങ്ക് നേടിയവർക്കുള്ള സംസ്ഥാനതല അവാർഡ് ദാനം പ്രൊഫ. കെ. കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിക്കുന്നു

ആധുനിക കാലഘട്ടത്തിന്റെ അപചയങ്ങളെ വ്യവസ്ഥാപിത മതപഠനത്തിലൂടെ മറികടക്കാൻ സാധിക്കണം. കുട്ടികളുടെ പഠനം മദ്റസക്കും സ്കുളിനും വീടകത്തിനുമപ്പുറം ആധുനിക സാങ്കേതിക സംവിധാനങ്ങളിലേക്ക് മുന്നേറിയ കാലഘട്ടത്തിൽ ധാർമിക മ്യൂല്യങ്ങളിലധിഷ്ഠിതമായ ലോകത്തെ നയിക്കുന്ന ഏക സിവിൽ കോഡാണ് ദൈവം ഈ ലോകത്തിന് നൽകിയിട്ടുള്ളത്. അതാണ് മനുഷ്യ സമൂഹം ഒന്നടങ്കം പിൻപറ്റേണ്ടതെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ വി.ടി അബ്ദുല്ല കോയ തങ്ങൾ പറഞ്ഞു. സംസ്ഥാനത്തെ വിവിധ മദ്രസകളിൽ നിന്ന് റാങ്ക് നേടിയ 200 ഓളം വിദ്യാർഥികൾ അവാർഡുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ ‘അറ്റ്ലെറ്റിസ്മോ’ മജ്ലിസ് മദ്രസ സ്പോർട്സ് മീറ്റ് ലോഗോ പ്രകാശനം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.

ഐ.ഇ.സി.ഐ സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാൻ അദ്ധ്യക്ഷത വഹിച്ചു. കേരള മദ്രസ എജ്യുക്കേഷൻ ബോർഡ് ഡയറക്ടർ സി.എച്ച് അനീസുദ്ദീൻ, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് എ.ടി ഷറഫുദ്ദീൻ, മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.

നേഹ ഫിറോസ് ഖിറാഅത്ത് നടത്തി. മൻഹൽ ജമാൽ തിരൂർക്കാട്, ഹംദ സി.പി, ഹിമ ഫാത്തിമ ആന്റ് പാർട്ടി, ഹൈഫ സി.പി ആന്റ് പാർട്ടി എന്നിവർ ഗാനമാലപിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സി.പി കുഞ്ഞാലൻ കുട്ടി നന്ദി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News