മുത്തച്ഛന്മാരുടെ കലാലയ സൗഹൃദം അമേരിക്കൻ പ്രവാസ ജീവിതത്തിൽ കൊച്ചുമക്കൾ മാതൃകയാക്കി

ഡാളസ്: 80 വർഷങ്ങൾക്കു മുൻപ് ഹൈസ്കൂൾ ജീവിതത്തിൽ സഹപാഠികളായിരുന്നവരുടെ കൊച്ചുമക്കൾ വിവാഹത്തിനായി ഒരുങ്ങുന്നു.

പരേതരായ റാന്നി ചെറുവാഴകുന്നേൽ സി പി. തോമസും, കുളത്തുപ്പുഴ മേലേത്തു പി പി. തോമസും ഇടക്കുളം ഗുരുകുലം ഹൈസ്കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളായിരുന്നു. അവർ പഠനത്തിലും സ്പോർട്സ് രംഗത്തും അതിസമർത്ഥരും, നല്ല സഹപാഠികളുമായിരുന്നു. ബോർഡിങ് സ്കൂൾ ജീവിതത്തിനു ശേഷം ഇരുവരും കണ്ടുമുട്ടിയത് ഒരു പ്രാവശ്യം മാത്രമായിരുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്തു ഇന്ത്യൻ മിലിറ്ററി സേവനം ചെയ്തു ധരാളം സൈനിക ബഹുമതികൾ നേടിയെടുത്തിട്ടുള്ള പരേതനായ ചെറുവാഴകുന്നേൽ സി പി തോമസ് ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണർ ആയിട്ടാണ് സർവീസിൽ നിന്നും വിരമിച്ചത്.

പരേതനായ പി പി തോമസ് പ്രൈവറ്റ് മേഖലയിലാണ് തന്റെ സർവീസ് പ്രയോജനപ്പെടുത്തിയത്. അന്നു കാലത്തു ഇംഗ്ലീഷിലും കണക്കിലും ഉണ്ടായിരുന്ന ബൃഹത്തായ പരിജ്ഞാനം അക്കൗണ്ടിംഗ് മേഖലയിലേക്ക് ആയിരുന്നു ശ്രദ്ധിക്കപ്പെട്ടത്. കുളത്തൂപ്പുഴയിലെ പുരാതനവും പ്രശസ്തവുമായ ചെറുകര അമ്പാട്ട് കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന A P നൈനാൻ &സൺസ് പ്രൈവറ്റ് ലിമിറ്റഡ് ടി പ്ലാന്റേഷൻ കമ്പനിയിൽ അക്കൗണ്ട് മാനേജർ ആയി വിശ്വസ്ത സേവനം ചെയ്തു സർവീസിൽ നിന്നും വിരമിക്കുകയായിരുന്നു.

ഇരുവരുടെയും മക്കൾ എബി മക്കപ്പുഴ, സാം മേലേത്ത് എന്നിവർ 1986-കളിൽ അമേരിക്കയിലേക്ക് കുടിയേറുകയും കുടുംബമായി ഡാളസിൽ താമസം ആരംഭിക്കുകയും ചെയ്തു. ഡാളസിലെ കലാ സാംസ്കാരിക ആത്മീക മണ്ഡലങ്ങളിൽ അതുല്യ പ്രതിഭകളായി ശോഭിക്കുന്നവരാണ് ഇരുവരും.

മുത്തച്ഛന്മാരുടെ സൗഹൃദം പുതുതലമുറയിലെ കൊച്ചുമക്കൾ പകർന്നെടുത്തു എന്ന് വേണം പറയുവാൻ. പരേതരായ പി പി തോമസിന്റെ കൊച്ചുമകൻ ഡോ. ജോഷ് തോമസും, സി പി തോമസിന്റെ കൊച്ചു മകൾ ഡോ. റെനീറ്റാ തോമസും മുത്തച്ഛന്മാരുടെ സൗഹൃദത്തെ പറ്റി അറിയാൻ ഇടയായത് വിവാഹ നിശ്ചയം കഴിഞ്ഞാണ്.

മുത്തച്ഛൻമാരെ പോലെത്തന്നെ കൊച്ചുമക്കളും സ്കൂൾ കോളേജ് തലങ്ങളിൽ പഠനത്തിലും കായിക രംഗത്തും പ്രതിഭകളായിരുന്നു. ജോഷ് തോമസ് ഡാളസിൽ സ്കൂൾ കോളേജ് ഡിഗ്രി നേടിയതിനു ശേഷം കാലിഫോർണിയ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡെന്റൽ വിഭാഗം ഡോകറ്ററേറ്റ് നേടിയെടുക്കുകയും മസ്കീറ്റ് സിറ്റിയിൽ ദന്ത ഡോക്ടറായി സേവനം അനുഷ്ടിച്ചു വരികയുമാണ്.

റെനിറ്റാ തോമസ് മാസ്കീറ്റ് ഹൈസ്കൂളിൽ പഠനത്തിലും കായിക രംഗത്തും ബഹു സമർത്ഥയായിരുന്നു. ഹൈസ്കൂൾ പഠനകാലത്തു സ്പോർട്സ് രംഗത്തു നിന്നും കിട്ടിയ തികഞ്ഞ അച്ചടക്കവും മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും കിട്ടിയ അതുല്യമായ സ്നേഹവും മുന്നോട്ടുള്ള പഠനത്തിൽ ഏണിപ്പടികൾ ആയിരുന്നു. എ & എം കോളേജിൽ നിന്നും മെഡിക്കൽ ഡിഗ്രി നേടുകയും സ്കോട്ട് ആൻഡ് വൈറ്റ് ഹോസ്പിറ്റലിൽ നിന്നും പീഡിയാട്രിക് വിഭാഗം ചീഫ് റെസിഡന്റ് ആയി റെസിഡൻസി പൂർത്തീകരിക്കുകയും ചെയ്തു. നല്ലൊരു ബാസ്കറ്റ് ബോൾ താരമായ ഡോ. റെനിറ്റാ സ്കൂൾ കോളേജ് തലങ്ങളിൽ റെനിറ്റായുടെ നിറസാന്നിധ്യം വ്യക്തമാക്കിയിരുന്നു.

മാർത്തോമാ സഭയുടെ സൗത്ത് വെസ്റ്റ് യൂത്ത് ഫെല്ലോഷിപ്പ് ടൂർണമെന്റുകളിൽ ട്രോഫികൾ വാരികൂട്ടിയിട്ടുണ്ട്. ഇരുവരുടെയും കുടുംബങ്ങൾ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയിലെ അംഗങ്ങളും, അയൽവാസികളുമാണ്.

ജൂലൈ 29 നു നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള വിവാഹം നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലോക്സിനോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വെച്ച് നടത്തപ്പെടും.

Print Friendly, PDF & Email

Leave a Comment

More News