യു.എസ്.ടി തിരുവനന്തപുരം കേന്ദ്രം യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു; സമാഹരിച്ച 4,10,000 രൂപ എസ് എ ടി ആശുപത്രിക്ക്

തിരുവനന്തപുരം:  പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സമാഹരിച്ച 4,10,000 രൂപ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോ കെയർ ഐസിയുവിൽ കുട്ടികളുടെ കിടക്കകൾ സ്ഥാപിക്കാനായി നൽകും.

യു. എസ്.ടിയിലെ വനിതാ ജീവനക്കാരുടെ സംഘടനയായ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ അസോസിയേറ്റ്‌സിന്റെ (നൗ യു)  നേതൃത്വത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത് . യു. എസ്.ടി യിലെ ജീവനക്കാർ സ്വന്തം വീടുകളില്‍ നിന്ന് വിവിധ വിഭവങ്ങള്‍ പാകം ചെയ്തു കൊണ്ടുവരികയും അവ പ്രദർശിപ്പിക്കുകയും ചെയ്തു എന്നതാണ് ഈ ഭക്ഷ്യമേളയുടെ സവിശേഷത. കഴിഞ്ഞ ഒരു പതിറ്റാണ്ടായി യു.എസ്.ടിയില്‍ രുചിമേള നടന്നുവരുന്നു. കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആര്‍) സംരംഭങ്ങൾക്ക് പിന്തുണ നല്‍കുകയാണ്  ഈ മേളയിലൂടെ യു എസ് ടി തിരുവനന്തപുരം കേന്ദ്രം ലക്ഷ്യമിടുന്നത്.

യു.എസ്.ടിയിലെ വിവിധ വകുപ്പുകളിലുള്ള ജീവനക്കാരുടെ ടീമുകള്‍ തമ്മിലാണ് യമ്മി എയ്ഡ് ഭക്ഷ്യമേളയിൽ  മാറ്റുരച്ചത്. എല്ലാ ടീമുകളും തങ്ങളുടെ കൊതിയൂറും വിഭവങ്ങള്‍ അതിമനോഹരമായി ഭക്ഷ്യമേളയില്‍ പ്രദര്‍ശിപ്പിക്കുകയും, സെലിബ്രിറ്റി ഷെഫുകൾ അടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റി ഇത് വിലയിരുത്തുകായും ചെയ്തു.  ഹോട്ടല്‍ ഒ ബൈ താമരയിലെ പ്രധാന ഷെഫ് സുരേഷ്, അറിയപ്പെടുന്ന പാചകവിദഗ്ധയായ അലീന പടിക്കല്‍, താജ് കോവളം ഹോട്ടലിലെ മയൂർ രാമചന്ദ്രൻ എന്നിവര്‍ വിധികർത്താക്കളായി.

ആകെ 27 സ്റ്റാളുകൾ ആണ് ഈ വർഷത്തെ യമ്മി എയ്‌ഡിൽ പങ്കെടുത്തത്. പരമ്പരാഗത ഇന്ത്യൻ, ചൈനീസ് ഉൾപ്പടെ നിരവധി വിഭവങ്ങൾ ഒരുക്കിയിരുന്നു. ചെമ്മീൻ നെയ്യ് റോസ്റ്റ്, കരപ്പിടി കൊഴുക്കട്ട, ചിക്കൻ കേക്ക്, മത്തങ്ങ ഹൽവ, വാഴപ്പൂ കട്‌ലറ്റ്, പപ്പായ ജുജുബീസ്, ചക്ക പുഴുക്ക് തുടങ്ങിയ വിഭവങ്ങൾ വിധികർത്താക്കളുടെ പ്രത്യേക പരാമർശം നേടി.  ഈ വർഷത്തെ മികച്ച സ്റ്റാൾ ആയി ‘അരപ്പാം പെട്ടി’ തിരഞ്ഞെടുക്കപ്പെട്ടു. രുചിയുടെ തറവാട് എന്ന് പേരുള്ള സ്റ്റാൾ അവതരിപ്പിച്ച ‘ഉളുന്തു കളി’, സെമികോൺ സ്റ്റാൾ അവതരിപ്പിച്ച ‘ആന്ധ്രാ ദം ചിക്കൻ ബിരിയാണി’ എന്നിവയെ മികച്ച വിഭവങ്ങളായി വിധികർത്താക്കൾ തിരഞ്ഞെടുത്തു. വൈവിധ്യമാർന്ന വിഭവങ്ങൾ അവതരിപ്പിച്ച മികച്ച സ്റ്റാൾ ആയി ‘പ്ലാവ്’ തിരഞ്ഞെടുക്കപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പരമാവധി തുക സമാഹരിച്ച (42,000 രൂപ) സ്റ്റാളിനെ ബ്ലോക്ക്ബസ്റ്റർ സ്റ്റാൾ ആയി പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷത്തെ യമ്മി എയ്ഡ് സമാഹരിച്ച തുക തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കാണ് സംഭാവനയായി നൽകിയത്.

Print Friendly, PDF & Email

Leave a Comment

More News