ആളു മാറി അറസ്റ്റു ചെയ്ത് നാലാം വര്‍ഷം കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞു; 84 കാരിയെ കോടതി വെറുതെ വിട്ടു

പാലക്കാട്: ‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക’ എന്ന പഴമൊഴി അന്വര്‍ത്ഥമാക്കി പോലീസ്. പാലക്കാടാണ് സംഭവം നടന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതിക്ക് പകരം 84കാരിയായ ഭാരതിയമ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്മൂലം അവര്‍ക്ക് നാല് വർഷത്തോളം കോടതിയിൽ കയറിയിറങ്ങേണ്ടി വന്നു. നീണ്ട നിയമ യുദ്ധത്തിനൊടുവിൽ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി വെറുതെ വിട്ടു.

പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പിഴവ് പറ്റിയതെന്നു പറയുന്നു. 1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളിക്കാട് സ്വദേശി രാജഗോപാലിൻറെ വീട്ടുജോലിക്കാരിയായിരുന്ന ഭാരതി എന്നു പേരുള്ള സ്ത്രീ അവരുടെ വീടു കയറി ആക്രമിച്ചു എന്നായിരുന്നു കേസ്. 1998 ൽ നടന്ന കേസാണിത്. വീട്ടുകാരുമായി പ്രശ്‌നം ഉണ്ടാക്കിയ ഇവർ അസഭ്യം പറയുകയും ചെടിച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തിൽ ഭാരതിയെ പോലീസ് അന്ന് അറസ്റ്റ് ചെയ്‌തെങ്കിലും ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി.

വർഷങ്ങൾ കഴിഞ്ഞ് 2019 ൽ അന്നത്തെ കേസിലെ പ്രതിയാണെന്ന് കരുതി പോലീസ് 84 കാരിയായ ഭാരതിയമ്മയെ അറസ്റ്റു ചെയ്തു. ഭാരതിയമ്മ എന്ന പേരിലെ സാമ്യമാണ് പോലീസിനെ കുഴപ്പിച്ചത്. മഠത്തിൽ വീട് എന്ന വീട്ടുപേരും പ്രശ്‌നമായി. എന്നാൽ താനല്ല പ്രതിയെന്ന് ഭാരതിയമ്മ പോലീസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ അത് വിശ്വസിച്ചില്ല.

കേസിൽ ജാമ്യം ലഭിച്ചെങ്കിലും നാല് വർഷമായി ഇവർ കോടതി കയറിയിറങ്ങുകയാണ്. ഒടുവിൽ നിരപരാധിത്വം തെളിയിക്കാൻ ഇവർ പരാതിക്കാരെ കണ്ടെത്തുകയും കോടതിയിൽ വിളിച്ചുവരുത്തുകയും ചെയ്തു. കേസിലെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരല്ല യഥാർത്ഥ പ്രതിയെന്ന് തെളിഞ്ഞത്. അതേസമയം കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പരാതിക്കാർ കോടതിയെ അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment