മണിപ്പൂരിൽ പോലീസ് പോസ്റ്റിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ജനക്കൂട്ടം കൊള്ളയടിച്ചു; ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ രണ്ട് സുരക്ഷാ പോസ്റ്റുകൾ അടിച്ചുതകർത്ത് ഒരു സംഘം ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ചു. ബിഷ്ണുപൂർ ജില്ലയിലെ കൗട്രുകിൽ ആയുധധാരികളായ അക്രമികളും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മണിപ്പൂർ സായുധ പോലീസിന്റെ രണ്ടാം ബറ്റാലിയനിലെ കീറൻഫാബി പോലീസ് പോസ്റ്റും ബിഷ്ണുപൂരിലെ തംഗ്ലവായ് പോലീസ് പോസ്റ്റും ആക്രമിക്കുകയും വൻ ആയുധങ്ങളും വെടിക്കോപ്പുകളും ആൾക്കൂട്ടം അപഹരിക്കുകയും ചെയ്തതായി വ്യാഴാഴ്ച രാത്രി മണിപ്പൂർ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

അതേ ജില്ലയിലെ ഹിൻഗാങ് പോലീസ് സ്‌റ്റേഷനിൽ നിന്നും സിംഗ്ജമേയ് പോലീസ് സ്‌റ്റേഷനിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും തട്ടിയെടുക്കാൻ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജനക്കൂട്ടം ശ്രമിച്ചെങ്കിലും സുരക്ഷാ സേന അവരെ തുരത്തിയോടിച്ചു. കൗട്രക്, ഹരോഥേൽ, സെൻസാം ചിരാംഗ് മേഖലകളിൽ സായുധരായ അക്രമികളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പ് നടന്നതായും ഇതിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർക്ക് വെടിയേറ്റതായും പ്രസ്താവനയിൽ പറയുന്നു. സുരക്ഷാസേന വെടിയുതിർക്കുകയും അക്രമികളെ പിന്തിരിപ്പിക്കുകയും ചെയ്തു.

ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തിയിലുള്ള ഫൗഗക്‌ചാവോ ഇഖായിൽ 500-600 പേരടങ്ങുന്ന ജനക്കൂട്ടം തടിച്ചുകൂടിയപ്പോൾ, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. അതിൽ 25 ഓളം പേർക്ക് നിസാര പരിക്കേറ്റു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ വെടിവയ്പ്പും അനിയന്ത്രിതമായ ആൾക്കൂട്ട സംഘട്ടനങ്ങളും ഉണ്ടായതോടെ സംസ്ഥാനത്ത് സ്ഥിതിഗതികൾ അസ്ഥിരവും സംഘർഷഭരിതവുമായി തുടരുന്നു.

Print Friendly, PDF & Email

Leave a Comment

More News