മതവിശ്വാസങ്ങളെ ആക്ഷേപിച്ച് സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ

കൊച്ചി: അധികാരത്തിനും രാഷ്ട്രീയ നേട്ടത്തിനും വോട്ട് ബാങ്ക് ലക്ഷ്യം വെച്ചും മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച് കേരള സമൂഹത്തില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കുന്നത് ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍.

വിവിധ മതങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സമൂഹത്തിൽ നിലനില്‍ക്കുമ്പോഴും സാഹോദര്യവും സമാധാനവും പുലര്‍ത്തുന്ന കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും പൈതൃകവും അഭിമാനമേകുന്നു. എന്നാലിന്ന് മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വിശ്വാസികളെ പരസ്പരം തമ്മിലടിപ്പിക്കുന്ന നിരീശ്വരവാദ അജണ്ടകള്‍ സാക്ഷര കേരളത്തില്‍ വളർന്നുവരുന്നത് ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നു. ഭരണപരാജയങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച് തലമുറകളായി കൈമാറുന്ന മത വിശ്വാസങ്ങളെ അധികാരത്തിലിരിക്കുന്നവര്‍ നിരന്തരം വെല്ലുവിളിക്കുന്നത് ധിക്കാരപരവും എതിര്‍ക്കപ്പെടേണ്ടതുമാണ്.

മദ്യവും മയക്കുമരുന്നും നിയമങ്ങൾ അട്ടിമറിച്ച് നിയന്ത്രണമില്ലാതെ നാട്ടിലൊഴുകുന്നു. കടക്കെണിയില്‍ സംസ്ഥാന ഭരണം സ്തംഭിച്ചു. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുന്നു. വന്‍ അഴിമതിയും കെടുകാര്യസ്ഥതയും അനധികൃത നിയമനങ്ങളും വ്യാജ സര്‍ട്ടിഫിക്കറ്റുകളും മൂലം വിദ്യാഭ്യാസമേഖലയും തകര്‍ന്നടിഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയെ ലക്ഷ്യംവെച്ചുള്ള തീവ്രവാദവും കേരളത്തില്‍ ശക്തിപ്രാപിക്കുന്നു. പുതിയ തൊഴിലവസരങ്ങളില്ല. വികസനം നിലച്ചു. വ്യവസായികള്‍ കേരളം വിടുന്നു. പുതുതലമുറ ജോലിക്കും പഠനത്തിനുമായി വിദേശ രാജ്യങ്ങളിലേക്ക് കൂട്ടപ്പലായനം നടത്തുന്നു. കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന് കാലങ്ങളായി പണമില്ല. പാവപ്പെട്ടവര്‍ക്കുള്ള സാമൂഹ്യ പെന്‍ഷനുകളില്ല. ഭീകര പ്രസ്ഥാനങ്ങളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ കേരളത്തിലെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഭരണനിര്‍വ്വഹണ വീഴ്ചകള്‍ മറയ്ക്കാന്‍ മതവിശ്വാസങ്ങളെ വെല്ലുവിളിച്ച് സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കുവാനും ജനങ്ങളെ തെരുവിലിറക്കി തമ്മിലടിപ്പിക്കുവാനുള്ള രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ ആസൂത്രിതമായ അജണ്ടകൾക്കെതിരെ പൊതുമനഃസാക്ഷിയുണരണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News