ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ന്യൂയോർക്ക്: ഫ്ലോറൽ പാർക്ക് – ബല്ലെറോസ് ഇന്ത്യൻ മെർച്ചന്റ്സ് അസ്സോസിയേഷൻ്റെ (FBIMA) ആഭിമുഖ്യത്തിൽ 2015 മുതൽ വർഷം തോറും ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിവരുന്ന ക്വീൻസ് ഇന്ത്യാ ഡേ പരേഡ് 13-ന് ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ നടത്തുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. കഴിഞ്ഞ ദിവസം കൂടിയ പരേഡ് കമ്മറ്റിയുടെ യോഗത്തിൽ പരേഡ് ക്രമീകരണങ്ങളുടെ വിലയിരുത്തൽ നടത്തി ചുമതലപ്പെട്ട കമ്മറ്റി അംഗങ്ങളെയെല്ലാം അവരവരുടെ ചുമതലകൾ ഏല്പിച്ചു. പരേഡ് കമ്മറ്റി ചെയർമാൻ ഡെൻസിൽ ജോർജിൻറെ അധ്യക്ഷതയിൽ കമ്മറ്റി യോഗം ചേർന്ന് വേണ്ട തീരുമാനങ്ങൾ കൈക്കൊണ്ടു.

ഹിൽസൈഡ് അവന്യൂവിലെ 263-മത് സ്ട്രീറ്റിൽ നിന്നും ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പരേഡിന്റെ ഫ്‌ളാഗ് ഓഫ് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് നിർവ്വഹിക്കുന്നതാണെന്ന് അസ്സോസ്സിയേഷൻ പ്രസിഡന്റ് കോശി ഓ തോമസ് പ്രസ്താവിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹിക-സാമുദായിക നേതാക്കളും പരേഡിൽ പങ്കെടുക്കും. ബോളീവുഡ് സിനിമാ-ടെലിവിഷൻ താരവും ഗായികയുമായ കനിഷ്‌കാ സോണി പരേഡിൻറെ ഗ്രാൻഡ് മാർഷൽ ആയിരിക്കും.

പരേഡിൽ പങ്കെടുക്കുന്ന സംഘടനകളുടെ രജിസ്ട്രേഷൻ 12 മണിയോടെ 263-മത് സ്ട്രീറ്റിൽ ക്രമീകരിക്കുന്ന ബൂത്തിൽ നടത്താവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന സംഘടനയുടെ ക്രമം അനുസരിച്ചായിരിക്കും പരേഡിൻറെ മുൻ നിരയിൽ തന്നെ അണിനിരക്കുവാനുള്ള അവസരം ലഭിക്കുക. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്റിന്റെ കുതിര റെജിമെന്റാണ് ഏറ്റവും മുമ്പിൽ പരേഡ് നയിക്കുക. അതിന്റെ പിന്നിൽ ഇന്ത്യൻ യുവജനങ്ങളുടെ മോട്ടോർ ബൈക്ക് ടീം പരേഡിൽ അണിനിരക്കും. അതിനു പിന്നിലായി വിവിധ സംഘടനകളും വാഹനങ്ങളിലുള്ള ഫ്ളോട്ടുകളും അണിനിരക്കും.

263-മത് സ്ട്രീറ്റിൽ ആരംഭിക്കുന്ന പരേഡ് ഹിൽസൈഡിലൂടെ നീങ്ങി കോമ്മൺവെൽത് ബോളവാഡിലൂടെ തിരിഞ്ഞു സെൻറ് ഗ്രിഗോറിയൻ പള്ളി ഓഡിറ്റോറിയത്തിൽ എത്തിച്ചരുന്നതും അതിനു ശേഷം ഏകദേശം മൂന്നു മണിയോടെ ഓഡിറ്റോറിയത്തിൽ വിവിധ കലാ പരിപാടികൾ അരങ്ങേറുന്നതുമാണ്. വൈകിട്ട് അഞ്ചരയോടെ എല്ലാ പരിപാടികളും അവസാനിക്കുന്ന രീതിയിലാണ് പരേഡിന്റെ നടത്തിപ്പ് ക്രമീകരിച്ചിരിക്കുന്നത്.

പരേഡിന്റെ വിജയത്തിനായി എല്ലാ ഇന്ത്യക്കാരും അഭിമാനത്തോടെ ഒറ്റകെട്ടായി അണിനിരന്ന് ഇന്ത്യൻ സമൂഹത്തിന്റെ ശക്തിയും സംസ്കാരവും പ്രകടമാക്കണമെന്ന് സംഘാടകർ എല്ലാവരോടുമായി അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: കോശി തോമസ് 347-867-1200, ഡെൻസിൽ ജോർജ് 516-637-4969

Print Friendly, PDF & Email

Leave a Comment

More News