കാട്ടുതീയിൽ ചരിത്രപ്രസിദ്ധമായ ഹവായിയിലെ മൗയി പട്ടണം കത്തി നശിച്ചു; 36 പേർ മരിച്ചു; ആയിരക്കണക്കിന് നിവാസികള്‍ പലായനം ചെയ്തു

ഹവായ്: ഹവായിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മൗയി പട്ടണത്തിന്റെ ഭൂരിഭാഗവും അഗ്നിക്കിരയായി. 36 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്‌ത തീപിടിത്തത്തെ തുടർന്ന് മൗയിയിലെ വീടുകളിൽ നിന്ന് ആയിരക്കണക്കിന് ഹവായ് നിവാസികൾ രക്ഷപ്പെട്ട് ഓടി.

തീപിടിത്തം ദ്വീപിനെ അമ്പരപ്പിച്ചു. ഒരിക്കൽ തിരക്കേറിയിരുന്ന തെരുവുകളിൽ കത്തിനശിച്ച കാറുകളും പുകയുന്ന അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളും മാത്രമാണ് കാണാനുള്ളതെന്ന് മാധ്യമങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1700-കളിലെ പഴക്കമുള്ളതും ചരിത്രപരമായ കെട്ടിടങ്ങൾ നിലനിന്നിരുന്ന പട്ടണമായ ലഹൈന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലവുമായിരുന്നു. ബുധനാഴ്ച ദ്വീപിലെ പല സ്ഥലങ്ങളിലും ജീവനക്കാർ തീയണയ്ക്കാന്‍ പാടുപെട്ടു. എന്നാല്‍, തീജ്വാലകൾ മുതിർന്നവരെയും കുട്ടികളെയും കടലിലേക്ക് ചാടാന്‍ നിർബന്ധിതരാക്കി.

ബുധനാഴ്‌ച വൈകി മൗയി കൗണ്ടിയിൽ നിന്നുള്ള പ്രസ്താവന പ്രകാരം കുറഞ്ഞത് 36 പേരെങ്കിലും മരിച്ചിട്ടുണ്ട്. മരണങ്ങളെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 271 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ
നശിക്കുകയോ ചെയ്‌തതായും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹൈന നിവാസികളായ കമുവേല കവാകോവയും ഇയുലിയ യാസ്സോയും ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അവരുടെ 6 വയസ്സുള്ള മകനും വെള്ളം വാങ്ങാന്‍ സൂപ്പർമാർക്കറ്റിലേക്ക് പോയതായിരുന്നു. എന്നാല്‍, തിരിച്ചുവരുന്ന വഴിയാണ് ചുറ്റുമുള്ള കുറ്റിക്കാടുകൾക്ക് തീപിടിച്ചതെന്നും പെട്ടെന്നു തന്നെ അപ്പാര്‍ട്ട്മെന്റിലെത്തി മാറാനുള്ള വസ്ത്രവും എടുത്ത് ഓടാൻ മാത്രമേ കഴിഞ്ഞുള്ളൂ എന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴവര്‍ ഒരു ഷെല്‍ട്ടറില്‍ കഴിയുകയാണ്.

“എന്റെ നഗരം ചാരമാകുന്നത് നോക്കിനിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.. ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി മരവിച്ചു നില്‍ക്കാനേ കഴിഞ്ഞുള്ളൂ”എന്ന് മറ്റൊരു നിവാസി പറഞ്ഞു.

വിനോദസഞ്ചാരികളോട് എത്രയും പെട്ടെന്ന് ഹവായ് വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ഏകദേശം 11,000 സന്ദർശകർ മൗയിയിൽ നിന്ന് പറന്നു. കുറഞ്ഞത് 1,500 പേരെങ്കിലും വ്യാഴാഴ്ച പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ഗതാഗത ഡയറക്ടർ എഡ് സ്നിഫെൻ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട ആയിരങ്ങളെ ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർ ഹൊണോലുലുവിലെ ഹവായ് കൺവെൻഷൻ സെന്റർ തയ്യാറാക്കിയിട്ടുണ്ട്.

ഡോറ ചുഴലിക്കാറ്റിൽ നിന്ന് തെക്കോട്ട് നീങ്ങിയ ശക്തമായ കാറ്റാണ് തീ പടരാനുണ്ടായ കാരണം. ഈ വേനൽക്കാലത്ത് ലോകമെമ്പാടുമുള്ള അതികഠിനമായ കാലാവസ്ഥ മൂലമുണ്ടായ ദുരന്തങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇവിടെ സംഭവിച്ചത്. കാലാവസ്ഥാ വ്യതിയാനം ഇത്തരം സംഭവങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു.

മൗയിയിൽ കാറ്റിന് അൽപ്പം ശമനമുണ്ടായതിനാൽ, ചില വിമാനങ്ങൾ ബുധനാഴ്ച പുനരാരംഭിച്ചിട്ടുണ്ട്. പൈലറ്റുമാർക്ക് നാശത്തിന്റെ മുഴുവൻ വ്യാപ്തിയും കാണാൻ അനുവദിച്ചു. ലഹൈനയിൽ നിന്നുള്ള ഏരിയൽ വീഡിയോയില്‍ ഡസൻ കണക്കിന് വീടുകളും ബിസിനസ്സുകളും കത്തി നശിച്ചതായി കാണിക്കുന്നു. വിനോദസഞ്ചാരികൾ ഒരിക്കൽ ഷോപ്പിംഗിനും ഭക്ഷണം കഴിക്കാനും ഒത്തുകൂടിയിരുന്ന, കടൽത്തീരത്തോട് ചേർന്ന ഈ പട്ടണത്തില്‍ ഇപ്പോള്‍ പുക കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവശിഷ്ടങ്ങൾ കൂമ്പാരമായി കിടക്കുന്നു, തുറമുഖത്തെ ബോട്ടുകൾ കരിഞ്ഞു, കരിഞ്ഞ മരങ്ങള്‍ ഇലകളില്ലാത്ത അസ്ഥികൂടങ്ങൾ പോലെ നില്‍ക്കുന്നു.

മൗയിയിലെ ഏകദേശം 14,500 ഉപഭോക്താക്കൾക്ക് ബുധനാഴ്ച രാവിലെ വൈദ്യുതി മുടങ്ങിയിരുന്നു. ചില പ്രദേശങ്ങളിൽ സെൽ സേവനവും ഫോൺ ലൈനുകളും തകരാറിലായതിനാൽ, കാട്ടുതീക്ക് സമീപം താമസിക്കുന്ന സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പലര്‍ക്കും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ചിലർ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു.

ആശയവിനിമയം പുനഃസ്ഥാപിക്കാനും വെള്ളം വിതരണം ചെയ്യാനും നിയമപാലകരെ ചേർക്കാനും ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്ന് ഹവായ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസിൽ നിന്നുള്ള മേജർ ജനറൽ കെന്നത്ത് ഹാര ബുധനാഴ്ച രാത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മൗയി തീപിടുത്തത്തിൽ നാഷണൽ ഗാർഡ് ഹെലികോപ്റ്ററുകൾ 150,000 ഗാലൻ വെള്ളം തെളിച്ചതായി അദ്ദേഹം പറഞ്ഞു.

തീയിൽ നിന്നും പുകയിൽ നിന്നും രക്ഷനേടാൻ വെള്ളത്തിലേക്ക് ചാടിയ 14 പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. പരിക്കേറ്റവരിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേരെ ഒാഹുവിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം ഉദ്യോഗസ്ഥർ ഇതുവരെ അന്വേഷിക്കാൻ തുടങ്ങിയിട്ടില്ലെന്ന് മൗയി കൗണ്ടി മേയർ റിച്ചാർഡ് ബിസെൻ ജൂനിയർ പറഞ്ഞു. ചൊവ്വാഴ്ച കാറ്റ് ശക്തമായി വീശാൻ തുടങ്ങിയെന്നും പിന്നീട് എങ്ങനെയോ ഒരു മലഞ്ചെരുവിൽ തീ പടർന്നതായും ലഹൈനയിലെ മൗറോ ഫാരിനെല്ലി പറഞ്ഞു. അത് അതിശയകരമായ വേഗതയിൽ എല്ലാറ്റിനെയും നശിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ദുരന്തഭൂമിയില്‍ സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാന്‍ എല്ലാ ഫെഡറൽ സം‌വിധാനങ്ങളോടും പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. തീ അണയ്ക്കുന്നതിനും തിരച്ചിൽ, രക്ഷാപ്രവർത്തനത്തിനും സഹായിക്കാൻ ഹവായ് നാഷണൽ ഗാർഡ് ഹെലികോപ്റ്ററുകൾ അണിനിരത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പലർക്കും വളരെ പ്രത്യേകതയുള്ള ഒരു സ്ഥലത്ത് നിന്ന് ചില ചിത്രങ്ങൾ പുറത്തുവരുന്നത് കാണാൻ ബുദ്ധിമുട്ടാണെന്ന് ഹവായിയിൽ ജനിച്ച മുൻ പ്രസിഡന്റ് ബരാക് ഒബാമ സോഷ്യൽ മീഡിയയിൽ പറഞ്ഞു.

ഹവായിയിലെ ബിഗ് ഐലൻഡിലും കാട്ടുതീ ആളിപ്പടർന്നതായി മേയർ മിച്ച് റോത്ത് പറഞ്ഞു. എന്നാൽ, അവിടെ പരിക്കുകളോ വീടുകൾ നശിപ്പിക്കപ്പെട്ടതായോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആക്ടിംഗ് ഗവർണർ സിൽവിയ ലൂക്ക് യാത്രയിലായിരുന്ന ഗവർണർ ജോഷ് ഗ്രീനിന് വേണ്ടി അടിയന്തര പ്രഖ്യാപനം പുറപ്പെടുവിക്കുകയും വിനോദസഞ്ചാരികൾ മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. “ഇത് സുരക്ഷിതമായ സ്ഥലമല്ല” എന്നും അവര്‍ പറഞ്ഞു.

ഹവായിയിലെ തീപിടുത്തങ്ങൾ യുഎസ് വെസ്റ്റില്‍ കാണാറുള്ള തീപിടുത്തത്തില്‍ നിന്ന് വ്യത്യസ്തമാണ്. ദ്വീപുകളുടെ വരണ്ട വശങ്ങളിലെ വലിയ പുൽമേടുകളിൽ അഗ്നി പൊട്ടിപ്പുറപ്പെടാറുണ്ട്, പൊതുവെ മെയിൻ ലാൻഡ് തീയെക്കാൾ വളരെ ചെറുതാണ്. 2021-ൽ ഈ ഐലൻഡിലുണ്ടായ ഒരു വലിയ തീപിടിത്തത്തിൽ വീടുകൾ കത്തിനശിക്കുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു.

2018-ൽ കാലിഫോർണിയയിലെ സിയറ നെവാഡ താഴ്‌വരയിൽ ഉണ്ടായ ക്യാമ്പ് തീയിൽ 85 പേർ കൊല്ലപ്പെടുകയും 19,000 വീടുകൾ നശിപ്പിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News