വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 9 ശനിയാഴ്ച; അമ്പതു പേർ പങ്കെടുക്കുന്ന ശീങ്കാരിമേളം

ന്യൂയോർക്ക് : അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ
(WMA) ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9-ാം തിയ്യതി ശനിയാഴ്ച രാവിലെ 11 മണിമുതല്‍ വൈകീട്ട് 6.00 മണിവരെ ഗ്രീൻബർഗ് ഹൈസ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച് (475 West Hartsdale Ave, Hartsdale, NY) അതിവിപുലമായ രീതിയിൽ നടത്തുന്നു. പ്രവേശനം സൗജന്യമാണെന്ന പ്രത്യേകത കൂടിയുണ്ട് ഈ ഓണത്തിന്.

ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പൂവട്ടികളും പൂവിളിയാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍, ഗ്രീൻബർഗ് ഹൈസ്‌കൂൾ ഓഡിറ്റോറിയം ഓണത്തിനായി പൂക്കളങ്ങളാല്‍ അലംകൃതമാക്കും.

49 ഓണം കണ്ട അമേരിക്കയിലെ അപൂർവ്വ മലയാളി സംഘടനകളിൽ ഒന്നാണ് വെസ്റ്റ്‌‌ചെസ്റ്റർ മലയാളി അസോസിയേഷൻ. എല്ലാ വർഷവും കൊണ്ടാടുന്ന ഓണാഘോഷം മാവേലി തമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന പ്രതീതി ജനിപ്പിക്കുന്നു. മത സൗഹാർദ്ദത്തിന്റെ സംഗമവേദി കൂടിയാണ് ഡബ്ല്യു എം എയുടെ ഓണാഘോഷം. എല്ലാ വർഷവും നൂതനമായ കലാപരിപാടികളാലും വിവിഭവസമൃദ്ധമായ സദ്യ കൊണ്ടും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നാക്കി മാറ്റാൻ അസോസിയേഷന്റെ ഭാരവാഹികൾ എന്നും ശ്രദ്ധിക്കാറുണ്ട്.

ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഓണസദ്യ പ്രിയങ്കരമാണ്. ഇത് കണ്ടറിഞ്ഞു ന്യൂയോർക്കിലെ പ്രശസ്തമായ റസ്റ്റോറന്റുകളെയാണ് ഓണസദ്യക്ക് വേണ്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർ മത്സരിച്ചുണ്ടാക്കുന്ന ഓണസദ്യ ജീവിതത്തിൽ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു അനുഭവം ആക്കിത്തീർക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട്.

അമ്പതു പേർ പങ്കെടുക്കുന്ന ശിങ്കാരി മേളം ഈ വർഷത്തെ ഓണഘോഷത്തിന്റെ പ്രത്യേകതയാണ്. അതുപോലെതന്നെ മെഗാ തിരുവാതിരയടക്കം ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ട മേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും തുടങ്ങി നിരവധി പുതുമയാർന്ന പരിപാടികളോടെയാണ് ഈ വർഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഈ വര്‍ഷത്തെ ഓണം ജീവിതത്തില്‍ തന്നെ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു ഓണാഘോഷമാക്കി മാറ്റാനും, സുന്ദരമായ ഓര്‍മ്മകള്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കും പകർന്നു നൽകുവാനും ഭാരവാഹികൾ ശ്രമിക്കുന്നുണ്ട്. ഓണാഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരീസഹോദരങ്ങളേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ഷോളി കുമ്പളവേലിൽ, ട്രഷറര്‍ അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ആന്റോ വർക്കി, ജോയിന്റ് സെക്രട്ടറി കെ.ജി. ജനാർദ്ദനൻ, ട്രസ്റ്റീ ബോര്‍ഡ് ജോൺ കെ മാത്യു, കോഓർഡിനേറ്റർ ജോയി ഇട്ടൻ, കൾച്ചറൽ കോഓർഡിനേറ്റർ നിരീഷ് ഉമ്മൻ എന്നിവര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News