മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 26-ാം തീയതി ശനിയാഴ്ച വൈകിട്ട് 4 മണിക്ക്

ഫിലഡെൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡെൽഫിയ യുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26-ാം തീയതി  ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ സെൻറ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. “ഒത്തൊരോണം ഒന്നിച്ചൊരോണം”എന്ന് നാമകരണം ചെയ്യപ്പെട്ട് നടത്തപ്പെടുന്ന ഓണാഘോഷത്തിൽ കേരളത്തിൻറെ തനതായ കലാരൂപങ്ങളുടെ പുനരാവിഷ്കാരം ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ തോമസുകുട്ടി വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഥകളി,ഓട്ടംതുള്ളൽ,മോഹിനിയാട്ടം,തെയ്യം,കളരിപ്പയറ്റ്,ഒപ്പന,മാർഗംകളി,തിരുവാതിരക്കളി, പുലികളി,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ് ഈ വർഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഒരു വേദിയിൽ കൊണ്ടുവന്നു ഗൃഹാതുരത്വം നിറയുന്ന ഒരു ഓണാഘോഷം ആണ് തയ്യാറായി വരുന്നതെന്ന് മാപ്പ് പ്രസിഡണ്ട് ശ്രീ ശ്രീജിത്ത് കോമത്ത് അഭിപ്രായപ്പെട്ടു.

കേരളത്തിൽ തന്നെ അന്യംനിന്നുപോകുന്ന കലാരൂപങ്ങൾ ഓണക്കാലത്ത് പ്രവാസ മണ്ണിൽ പുനരാവിഷ്കരിക്കുന്നത് കൊണ്ട് മലയാളത്തിൻറെ തനിമ ഒട്ടും ചോരാതെ നമ്മുടെ അടുത്ത തലമുറയിലേക്ക് സംവേദനം ചെയ്യപ്പെടുക എന്നതാണ് ഉദ്ദേശിക്കുന്നത് എന്ന് ജനറൽസെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ പറഞ്ഞു. ഓണാഘോഷം വൻ വിജയമാക്കാൻ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ട്രെഷറർ കൊച്ചുമോൻ വയലത്തു അറിയിച്ചു.

പ്രോഗ്രാം കോഡിനേറ്റർ തോമസുകുട്ടി വർഗീസ് വുമൻസ് ഫോറം ചെയർ പേഴ്സൺ മിലി ഫിലിപ്പ്, പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ ബിനു ജോസഫ്,സോയ നായർ, അഷിത ശ്രീജിത്ത്,സിജു ജോൺ എന്നിവരുൾപ്പെടുന്ന ഒരു വിപുലമായ കമ്മിറ്റി ആണ് ഈ വർഷത്തെ ഓണാഘോഷത്തിന് ചുക്കാൻ പിടിക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയും മറ്റൊരു പ്രത്യേകതയാണ്. ജോൺസൺ മാത്യു , ലിബിൻ പുന്നശ്ശേരി, ദീപു ചെറിയാൻ, ജോസഫ് കുരുവിള (സാജൻ),എൽദോ വര്ഗീസ്, സജു വര്ഗീസ്, സന്തോഷ് ജോൺ എന്നിവരാണ് ഓണം ഫുഡ് കമ്മിറ്റി അംഗംങ്ങൾ. ഓണാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമാക്കാൻ സ്വാഗതസംഘം അംഗങ്ങളായ ഷാലു പുന്നൂസ്, സാബു സ്കറിയ, തോമസ്ചാണ്ടി എന്നിവർ അവസാനവട്ട പരിശ്രമത്തിലാണ്.

ഈ ഓണാഘോഷത്തിൽ പങ്കുചേർന്നു നയന വിസ്മയം ഒരുക്കുന്ന “ഒത്തൊരോണം ഒന്നിച്ചൊരോണം” വൻ വിജയമാക്കാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും സഹർഷം സ്വാഗതം ചെയ്യുന്നതായി മാപ്പ് ഭാരവാഹികൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News