വീണാ വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലൻസ് കോടതി തള്ളി; കോടതിയുടെ നിരീക്ഷണം ജനങ്ങളുടെ നീതിബോധത്തെ ചോദ്യം ചെയ്യുന്നു എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

മൂവാറ്റുപുഴ: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) എന്ന കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും അവരുടെ കമ്പനിയായ എക്‌സലോജിക്കും യാതൊരു സേവനവും നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണം അന്വേഷിക്കണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. സിഎംആർഎൽ രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് പണം നല്‍കിയതെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ, ഹർജിക്കാരനായ സാമൂഹിക പ്രവർത്തകന്‍ ഗിരീഷ് ബാബു സമർപ്പിച്ച ഹര്‍ജിയില്‍ മതിയായ തെളിവുകളില്ലെന്ന് വിജിലൻസ് കോടതി പറഞ്ഞു.

അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഗിരീഷ് ബാബു തന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, വീണാ വിജയൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിം എന്നിവരുൾപ്പെടെ 12 പേരെ എതിർകക്ഷികളാക്കിയാണ് ഗിരീഷ് ബാബുവിന്റെ ഹർജി. സിഎംആർഎല്ലിന്റെ ഓഫീസിലും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിലും നടത്തിയ റെയ്ഡിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയ ഡയറിയിൽ ഇവരുടെയെല്ലാം പേരുകൾ ഉണ്ടായിരുന്നു എന്നും പറയുന്നു.

അതേസമയം, അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളിയത് നിയമപരിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ഉത്തരവും ജനങ്ങളുടെ നീതിബോധത്തെ ചോദ്യം ചെയ്യുന്നതാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. തർക്ക പരിഹാര ബോർഡ് വിധി അഴിമതിയുടെ പരിധിയിൽ വരില്ലെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നും വി മുരളീധരൻ ചോദിച്ചു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലും അദ്ദേഹം വിമർശനം ഉന്നയിച്ചു. എസി മൊയ്തീന്‍ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണെങ്കിൽ എന്തിന് ബിനാമി പേരിൽ വായ്പയെടുക്കണം? ഇഡിയുടെ നടപടിയിൽ എതിർപ്പുണ്ടെങ്കിൽ നിയമപരമായി നേരിടണമെന്നും മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News