84 കാരി വയോധികയെ അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

പാലക്കാട് : ആള്‍മാറാട്ടം നടത്തിയെന്ന് പോലീസ് വിധിയെഴുതി അറസ്റ്റു ചെയ്ത 84 കാരി വയോധികയ്ക്ക് നീതിയുടെ കരസ്പര്‍ശം. അന്നത്തെ ആ സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതാണ് സുപ്രധാന വഴിത്തിരിവായിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോൾ സമഗ്രമായ അവലോകനത്തിനും വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിക്കുള്ള ശുപാർശകൾക്കും വഴിവെച്ചിരിക്കുന്നത്.

1998 ൽ നടന്ന ഒരു അതിക്രമക്കേസിൽ പോലീസ് പിടിയിലായ മറ്റൊരു സ്ത്രീ തന്റെ വിലാസം പൊലീസിനു നൽകി രക്ഷപ്പെട്ടതാണ് കുനിശേരി സ്വദേശി ഭാരതിയമ്മയെ കുടുക്കിയത്. അന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ 50കാരിയായ സ്ത്രീയെ പിടികൂടാന്‍ കഴിയാതെ വന്നപ്പോള്‍ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത് കുനിശ്ശേരി വടക്കേത്തറ മഠത്തിൽ വീട്ടിൽ ഭാരതിയമ്മ എന്ന 84കാരിയെയാണ്. എന്നാല്‍, താനല്ല പോലീസ് അന്വേഷിക്കുന്ന പ്രതിയെന്ന് ബോധ്യപ്പെടുത്താൻ ഭാരതിയമ്മയ്ക്ക് കോടതി കയറിയിറങ്ങേണ്ടി വന്നത് നാലു വർഷവും.

കേസെടുത്ത് കാൽ നൂറ്റാണ്ടു കഴിഞ്ഞപ്പോഴാണ് പഴയ കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി വടക്കേത്തറ മഠത്തിൽ വീട് ഭാരതിക്ക് പകരം ഭാരതിയമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. 2019-ലാണ് സംഭവം. അന്ന് ഭാരതിയമ്മ പറഞ്ഞതൊന്നും പൊലീസ് ചെവിക്കൊണ്ടില്ല. പേരിന്റെയും വിലാസത്തിന്റെയും സാമ്യം മാത്രമായിരുന്നു പാലക്കാട് സൗത്ത് പൊലീസിന് പറയാനുണ്ടായിരുന്നത്.

തിരുനെല്ലായി വിജയപുരം കോളനിയിലെ രാജഗോപാലും അച്ഛൻ കെ.ജി. മേനോനുമായിരുന്നു പരാതിക്കാർ. ഇവരുടെ വീട്ടിൽ ജോലിക്കു നിന്ന ഭാരതി എന്ന സ്ത്രീ വീട്ടിലെ ചെടിച്ചട്ടികളും ജനാലയും അടിച്ചു തകർക്കുകയും കുടുംബാംഗങ്ങളെ അസഭ്യം പറയുകയും ചെയ്തതെന്നായിരുന്നു ഇവരുടെ പരാതി. തുടര്‍ന്ന് ഭാരതിയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ നിന്നു ജാമ്യമെടുത്ത ഭാരതി ഒളിവില്‍ പോയി. ഭാരതിയമ്മ, വടക്കേത്തറ, മഠത്തിൽ വീട്, കുനിശ്ശേരി എന്ന വിലാസത്തിൽ പൊലീസെത്തിയതോടെയാണു താൻ പ്രതിയാണെന്നു ഇപ്പോഴത്തെ ഭാരതിയമ്മ അറിഞ്ഞത്.

തമിഴ്‌നാട് സർക്കാരിൽ എക്‌സിക്യൂട്ടീവ് എൻജിനീയറായി വിരമിച്ച ഭർത്താവ് ജനാർദ്ദനന്‍ 38 വർഷം മുൻപു മരിച്ച ശേഷം ഭാരതിയമ്മ ഒറ്റയ്ക്കായിരുന്നു താമസം. ഈ ദമ്പതികള്‍ക്ക് മക്കളില്ല. ഈ ഭാരതിയമ്മയല്ല അവരന്വേഷിക്കുന്ന ഭാരതിയമ്മയെന്ന് പൊലീസിന് അറിയാമായിരുന്നിട്ടും അവര്‍ ഭാരതിയമ്മയെ ഭീഷണിപ്പെടുത്തുകയും കേസുമായി മുന്നോട്ടു പോകുകയും ചെയ്തു.

ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് അവര്‍ 2019 സെപ്റ്റംബർ 25നു പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെത്തി ജാമ്യമെടുത്തത്. താനല്ല പോലീസ് അന്വേഷിക്കുന്ന പ്രതി ഭാരതിയമ്മ എന്ന് കാട്ടി കോടതിയിൽ അപേക്ഷ നൽകി. ഇതിനിടെ ഭാരതിയമ്മയുടെ സഹായത്തോടെ ബന്ധുക്കൾ പരാതിക്കാരെ സമീപിച്ചു. 84കാരിയായ ഭാരതിയമ്മയല്ല വീട്ടിൽ ജോലിക്ക് വന്നതെന്നും, കേസുമായി മുന്നോട്ടുപോവാൻ താത്പര്യമില്ലെന്നും പരാതിക്കാർ കോടതിയെ അറിയിച്ചു. ജോലിക്ക് വന്നിരുന്ന ഭാരതിക്ക് 50 വയസിനടുത്ത് പ്രായമേ ഉണ്ടാകൂ. പിതാവിന്റെ വീട്ടിൽ അതിക്രമം കാണിച്ചെന്നുകാട്ടിയാണ് രാജഗോപാൽ പരാതി നൽകിയിരുന്നത്. അച്ഛന്റെ നിർബന്ധപ്രകാരമാണ് പരാതി നൽകിയതെന്നും അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും രാജഗോപാൽ കോടതിയെ അറിയിച്ചു. അങ്ങനെയാണ് ഭാരതിയമ്മ കുറ്റവിമുക്തയായത്.

ഈ കേസിലെ യഥാര്‍ത്ഥ പ്രതിയായ ഭാരതി 1994 ൽ വീട്ടിലെത്തി തന്റെ വീടാണിതെന്ന് അവകാശപ്പെട്ട് വഴക്കിട്ടിരുന്നതായി ഭാരതിയമ്മ പറയുന്നു. ഈ സംഭവത്തിൽ ഭാരതിയമ്മ ആലത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഭാരതിയമ്മയുടെ അകന്ന ബന്ധുവാണ് യഥാര്‍ത്ഥ പ്രതി ഭാരതി. ഭാരതിയമ്മയുടെ കുടുംബവുമായി ഭാരതിക്ക് ഒരു സ്വത്തുതർക്കം ഉണ്ടായിരുന്നു. അതിന്റെ പകപോക്കുന്നതിന് വേണ്ടിയായിരുന്നു തെറ്റായ വിലാസം നൽകി ഭാരതിയമ്മയെ കുടുക്കിയതെന്നാണ് അന്ന് പോലീസ് പറഞ്ഞത്.

കഠിനമായ നാല് വർഷക്കാലം നിയമപോരാട്ടത്തിന് നിർബന്ധിതയായ ഭാരതിയമ്മക്ക് ഒടുവിൽ കേസിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞു. സ്ഥിതിഗതികളുടെ ഗൗരവവും വയോധികയെ ബാധിച്ച ദുരിതത്തിന് പരിഹാരം തേടാൻ അവര്‍ തീരുമാനിച്ചതനുസരിച്ചാണ് ഭാരതിയമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ആ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിച്ചത്.

സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഭാരതിയമ്മക്കുണ്ടായ മനോവിഷമവും പ്രായാസവും തിരിച്ചറിഞ്ഞെന്ന് പോലീസിന്റെ അന്വേഷണം റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് അന്വേഷണത്തില്‍ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് രേഖാമൂലം വിവരം ലഭിച്ചതായി ഭാരതിയമ്മയുടെ അഭിഭാഷകൻ സ്ഥിരീകരിച്ചു. മുൻകാല തെറ്റുകൾ പരിഹരിക്കുന്നതിനും അനാവശ്യമായ അറസ്റ്റ് മൂലം ഭാരതിയമ്മ നേരിട്ട ദുരിതം അംഗീകരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം.

 

Print Friendly, PDF & Email

Leave a Comment

More News