മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം നോർത്ത്-ഈസ്റ്റ് റീജിയൺ സമ്മേളനം ന്യൂയോർക്കിൽ നടന്നു

ന്യൂയോർക്ക്: മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം നോർത്ത്-ഈസ്റ്റ് റീജിയന്റെ രണ്ടാമത് ഏകദിന സമ്മേളനം ന്യൂയോർക്ക് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു.

റീജിയണിലെ പതിമൂന്ന് പള്ളികളിൽ നിന്നുമുള്ള നൂറിലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ റവ. ടി എസ്സ് ജോസ് അദ്ധ്യക്ഷം വഹിച്ചു. മോശയിലൂടെയുള്ള ഇസ്രായേലിന്റെ വിടുതൽ എന്നതിനെ ആസ്പദമാക്കി റവ. ഡോ. പ്രമോദ് സഖറിയ മുഖ്യ പ്രഭാഷണം നടത്തി. പ്രതികൂലങ്ങളുടെ നടുവിൽ പ്രത്യാശാ നിർഭയരായി മുന്നേറുവാൻ പ്രാപ്‌തി നൽകുന്ന ദൈവ സാന്നിധ്യം തിരിച്ചറിയുവാൻ സാധിക്കണമെന്ന് ഓർമ്മപ്പെടുത്തി.

റവ. ജോൺ ഫിലിപ്പിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച ഏകദിന സമ്മേളനത്തിൽ സെന്റ് തോമസ് ഇടവക മിഷൻ വൈസ് പ്രസിഡന്റ് തങ്കച്ചൻ വർഗ്ഗീസ് സ്വാഗതവും റീജിയണൽ സെക്രട്ടറി ഏബ്രഹാം കെ ദാനിയേൽ നന്ദിയും രേഖപ്പെടുത്തി.

സെന്റ് തോമസ് ഇടവക മിഷൻ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയ സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം, റവ. വി റ്റി തോമസ്, റവ. അജിത് വർഗ്ഗീസ്, മറിയാമ്മ സഖറിയ, വിനോദ് വർഗ്ഗീസ്, എം വി വർഗ്ഗീസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. സന്നദ്ധ സുവിശേഷക സംഘം നോർത്ത്-ഈസ്റ്റ് റീജിയന്റെ പ്രവർത്തനങ്ങൾ വൻ വിജയമാക്കി തീർക്കുന്ന ഏവരോടും നന്ദി അറിയിക്കുന്നതായി റീജിയണൽ സെക്രട്ടറി ഏബ്രഹാം കെ ദാനിയേൽ, ട്രഷറർ മാണി വർഗ്ഗീസ് എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News