ഭിന്നശേഷിക്കാര്‍ക്കായുള്ള പദ്ധതിക്ക് ഒന്നര കോടി രൂപയുടെ സഹായം നല്‍കി എം എ യൂസഫലി; എല്ലാ വര്‍ഷവും ഒരു കോടി രൂപയുടെ വാഗ്ദാനവും; തന്റെ മരണ ശേഷവും അതു തുടരുമെന്ന്

തിരുവനന്തപുരം: കാസർകോട് ഭിന്നശേഷിക്കാര്‍ക്കായി നിര്‍മ്മിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിന് കഴക്കൂട്ടത്തെ ഡിഫറൻറ് ആർട്ട് സെന്ററിൽ എത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒന്നര കോടി രൂപ നൽകി. കൂടാതെ, ഇനി മുതൽ എല്ലാ വർഷവും ഓരോ കോടി രൂപ വീതം നല്‍കുമെന്നും, അത് തന്റെ മരണശേഷവും നല്‍കാന്‍ ഞാന്‍ എന്റെ ടീമിനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.

കാസർകോട് സെന്റർ ഫോർ ഡിസെബിലിറ്റി റിസർച്ചിന്റെ (Kasargod Center for Disability Research Center) ലോഗോ പ്രകാശന ചടങ്ങിന് ശേഷമാണ് യൂസഫലി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട്ട് സെന്ററിന് 1.5 കോടി രൂപ സംഭാവന പ്രഖ്യാപിച്ചത്. യൂസഫലി വേദിയിൽ വെച്ച് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന് ചെക്ക് കൈമാറി.

യൂസഫലിയും സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും ചേര്‍ന്ന് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ബ്രോഷറും പ്രകാശനം ചെയ്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവുമാണ് കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആരംഭിക്കുന്ന ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിലുള്ളത്. കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും യൂസഫലി അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖല കൂടിയായ കാസര്‍ഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.

വീഡിയോ കാണുക

 

Print Friendly, PDF & Email

Leave a Comment