ആലുവയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആലുവയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത് കുറ്റകൃത്യത്തെ കൂടുതൽ ആശങ്കാജനകമാക്കുന്നു എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ക്രമസമാധാന പ്രശ്‌നത്തിൽ സർക്കാർ സമ്പൂര്‍ണ്ണ പരാജയമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

വീട്ടില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഈ സംഭവത്തോടെ പെണ്‍കുട്ടികള്‍ കേരളത്തില്‍ സുരക്ഷിതരല്ല എന്ന അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയം തികഞ്ഞ പരാജയമാണ്. ഞങ്ങളുടെ പെൺമക്കൾ വീടിനുള്ളിൽ പോലും സുരക്ഷിതരല്ലെന്ന് ബിജെപി നേതാവ് പറഞ്ഞു.

രണ്ടു മാസം മുമ്പ് ആലുവയിൽ തന്നെ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുമ്പാണ് ഇപ്പോഴത്തെ സംഭവമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ കൊട്ടിഘോഷിച്ച് ക്ഷണിക്കുന്ന സർക്കാർ അവരുടെ പെൺമക്കളെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ഉത്തർപ്രദേശിൽ അദ്ധ്യാപകന്റെ നിർദേശപ്രകാരം സഹപാഠിയെ തല്ലിയ കുട്ടിക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിന് മുമ്പ് കേരളത്തിലെ കുട്ടികൾക്ക് സുരക്ഷയൊരുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പോലീസ് ഉറങ്ങുമ്പോൾ ക്രിമിനലുകലും മയക്കുമരുന്ന് മാഫിയകളും കേരളത്തിൽ സ്വൈര്യവിഹാരം നടത്തുമ്പോള്‍ പോലീസ് ഉറക്കത്തിലാണെന്ന് ബിജെപി നേതാവ് പറഞ്ഞു. ഉത്തർപ്രദേശ് സർക്കാരിനെപ്പോലെ ശക്തമായ നടപടികൾ കേരള സർക്കാർ സ്വീകരിക്കണം.

കുറ്റവാളികൾക്ക് സർക്കാരിൽ നിന്ന് സഹായം ലഭിക്കുന്നതിനാലാണ് ഇത്തരം കുറ്റകൃത്യങ്ങൾ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് ക്രിമിനലുകളുടെ സ്വന്തം നാടായി മാറിയിരിക്കുന്നു. ബലാത്സംഗത്തിലും ലൈംഗികാതിക്രമത്തിലും കേരളം ഇപ്പോൾ രാജസ്ഥാനുമായി മത്സരിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News