വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കാന്‍ നിര്‍ബ്ബന്ധിച്ചെന്ന് പരാതി; സ്‌കൂൾ പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്തു

പനാജി: മുസ്‌ലിം പള്ളി സന്ദർശിക്കാൻ വിദ്യാർത്ഥിനികളെ അനുവദിച്ചെന്നും അവിടെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചെന്നും ആരോപിച്ച് ഹിന്ദു സംഘടനകളുടെ പരാതിയിൽ ഗോവയിലെ സ്‌കൂൾ പ്രിൻസിപ്പലിനെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു.

സംഭവത്തിൽ ഹയർസെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റിനോട് വിശദീകരണം തേടിയതായി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഡയറക്ടർ ശൈലേഷ് സിങ്കാഡെ പറഞ്ഞു.

ഒരു മുസ്ലീം സംഘടന സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ശിൽപശാലയിലേക്ക് വിദ്യാർത്ഥികളെ അയക്കുന്നതിനായി സ്കൂളിനെ സമീപിച്ചതായി റിപ്പോർട്ടുണ്ട്.

“വിദ്യാർത്ഥികളുമായി സംസാരിച്ചതില്‍ നിന്ന്, നാല് പെൺകുട്ടികളോട് ഹിജാബ് ധരിക്കാൻ പറഞ്ഞതായി ഞങ്ങൾ മനസ്സിലാക്കി, അത് അവർ നിരസിച്ചു. എട്ട് മൗലാനമാർ തങ്ങളുടെ മതത്തിന്റെ നിയമങ്ങള്‍ അവതരിപ്പിച്ച് വിദ്യാർത്ഥികളെ ബ്രെയിൻ വാഷ് ചെയ്യാൻ ശ്രമിച്ചു,” പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിൽ തടിച്ചുകൂടിയ ഒരാൾ പറഞ്ഞു.

സംഭവത്തിൽ പ്രിൻസിപ്പൽ ശങ്കർ ഗാവോങ്കറിനെ സസ്‌പെൻഡ് ചെയ്തതായി കേശവ് സ്മൃതി ഹയർ സെക്കൻഡറി സ്കൂൾ ചെയർമാൻ പാണ്ഡുരംഗ് കോർഗനോകർ പറഞ്ഞു.

“ഞങ്ങൾ ഒരു പ്രാഥമിക അന്വേഷണം നടത്തി. ഒരു വിദ്യാഭ്യാസ ശിൽപശാലയെക്കുറിച്ച് ഒരു മുസ്ലീം സംഘടനയിൽ നിന്ന് ഞങ്ങൾക്ക് ഒരു കത്ത് ലഭിച്ചിരുന്നു. ഞങ്ങളുടെ 22 വിദ്യാർത്ഥികൾ ശിൽപശാലയിൽ പങ്കെടുത്തു, അതിൽ രണ്ട് ഹിന്ദു വിദ്യാർത്ഥികളും രണ്ട് ക്രിസ്ത്യൻ പെൺകുട്ടികളും ഉണ്ടായിരുന്നു. ഈ ശിൽപശാലയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും ഉണ്ടായിരുന്നു, അവർ അവരുടെ പാരമ്പര്യമനുസരിച്ച് പള്ളിയിൽ പ്രവേശിക്കുമ്പോൾ സ്കാർഫ് ധരിച്ചിരുന്നു, ”അദ്ദേഹം പറഞ്ഞു.

“എന്നെ വിളിച്ച എല്ലാവരോടും ഞാൻ ക്ഷമാപണം നടത്തുകയും പ്രിൻസിപ്പലിന്റെ ഉദ്ദേശ്യം മോശമല്ലെന്ന് പറയുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം വിദ്യാർത്ഥികളെ വർക്ക്‌ഷോപ്പിനാണ് അയച്ചത്…” കോർഗോങ്കർ പറഞ്ഞു.

“അവരെ (വിദ്യാർത്ഥികളെ) സ്കാർഫ് ധരിക്കാൻ നിർബന്ധിച്ചില്ല, പക്ഷേ അദ്ധ്യാപകരും വിദ്യാർത്ഥികളും അത് ധരിക്കാൻ സ്വമേധയാ ആഗ്രഹിച്ചതാണ്. ‘പള്ളി എല്ലാവർക്കും തുറന്ന് കൊടുക്കുക’ എന്നൊരു പരിപാടി സംഘടന നടത്തിയിരുന്നു. അതൊരു വിദ്യാഭ്യാസ ശിൽപശാല മാത്രമായിരുന്നു, അതിൽ വിദ്യാർത്ഥികൾ പങ്കെടുത്തു,”സ്‌കൂൾ ചെയർമാൻ പറഞ്ഞു. കൂടാതെ, മതവികാരം വ്രണപ്പെടുത്തിയെങ്കില്‍ ബജ്‌റംഗ്ദളിനോടും മറ്റ് ഹിന്ദു സംഘടനകളോടും മാപ്പ് പറയുകയും ചെയ്തു.

മാനേജ്‌മെന്റ് ഉടൻ വിദ്യാഭ്യാസ വകുപ്പിന് വിശദീകരണം നൽകുമെന്ന് കോർഗോങ്കർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News