ഖാലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ; ഉന്നത ഇന്ത്യൻ നയതന്ത്രജ്ഞനെ രാജ്യത്തു നിന്ന് പുറത്താക്കി

കാനഡ: ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിന്റെ പുതിയ തെളിവായി കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നു. കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിനെ “ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർ” കൊലപ്പെടുത്തിയെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കാനഡയില്‍ വെടിയേറ്റ് മരിച്ച ഹർദീപ് സിംഗ് നിജ്ജാർ, പഞ്ചാബ് സംസ്ഥാനത്തെ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്ഥാൻ എന്ന വിഘടനവാദ പ്രത്യയശാസ്ത്രത്തെ ശക്തമായി പിന്തുണച്ചിരുന്നു.

ഹൗസ് ഓഫ് കോമൺസിൽ സംസാരിക്കവെയാണ് ജസ്റ്റിൻ ട്രൂഡോ ഇക്കാര്യം പറഞ്ഞത്. ജി 20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചപ്പോള്‍ താൻ ഈ വിഷയം ഉന്നയിച്ചതായി ട്രൂഡോ ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

“കഴിഞ്ഞ ഏതാനും ആഴ്ചകളായി, കനേഡിയൻ സുരക്ഷാ ഏജൻസികൾ ഇന്ത്യാ ഗവൺമെന്റിന്റെ ഏജന്റുമാരുടേയും കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശ്വസനീയമായ ആരോപണങ്ങൾ സജീവമായി പിന്തുടരുന്നു,” അദ്ദേഹം സഭയിൽ പറഞ്ഞു.

ഒരു തരത്തിലുള്ള വിദേശ ഇടപെടലുകളും കാനഡ വെച്ചുപൊറുപ്പിക്കില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രിയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.

2023 ജൂൺ 19 ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയിൽ വെച്ച് വിഘടനവാദി ഖാലിസ്ഥാനി പ്രസ്ഥാനത്തിന്റെ പിന്തുണക്കാരനും ഉന്നത നേതാവുമായ ഹർദീപ് സിംഗ് നിജ്ജാർ രണ്ട് തോക്കുധാരികളുടെ വെടിയേറ്റാണ് മരിച്ചത്.

അദ്ദേഹം കൊല ചെയ്യപ്പെട്ടതിനു സമീപമുള്ള സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയിലെ പ്രസിഡന്റായിരുന്നു നിജ്ജാര്‍. ബ്രാംപ്ടണിൽ ഖാലിസ്ഥാൻ ഹിതപരിശോധന സംഘടിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു.

നിജ്ജാർ നിരോധിത വിഘടനവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) തുറന്ന ഇന്ത്യാ വിരുദ്ധ നിലപാടിനും അതിന്റെ നേതാവായ ഗുർപത്‌വന്ത് സിംഗ് പന്നുവുമായും അടുപ്പത്തിലായിരുന്നു.

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഈയടുത്ത കാലത്തൊന്നും മികച്ചതായിരുന്നില്ല. ന്യൂഡൽഹിയിൽ അടുത്തിടെ സമാപിച്ച ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രിക്ക് ഉച്ചകോടിക്കിടെ ഖാലിസ്ഥാനി ഘടകങ്ങൾക്കെതിരെ കനേഡിയൻ ഗവൺമെന്റ് നടപടിയെടുക്കാത്തതിനെത്തുടർന്ന് “തണുത്ത സ്വീകരണം” നൽകിയതായി വിദേശ മാധ്യമങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.

Print Friendly, PDF & Email

Leave a Comment

More News