ആന്ധ്രാപ്രദേശില്‍ ഗണേശ മണ്ഡപത്തിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ആന്ധ്രാപ്രദേശ്: രാജ്യത്ത് യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള ഹൃദയാഘാതം മൂലം മരണം വർധിക്കുന്നത് ഇപ്പോള്‍ ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ധർമവാരം പട്ടണത്തിലെ ഗണേശ മണ്ഡപത്തിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഗണേശോത്സവം ആഘോഷിക്കുന്നതിനിടെ രണ്ട് യുവാക്കൾ നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. ഗണേഷ് പന്തലിൽ പൂർണ്ണ ഊർജസ്വലതയോടെ നൃത്തം ചെയ്തുകൊണ്ടിരുന്ന ഇവർ നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് ഒരു യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ബുധനാഴ്ച (സെപ്റ്റംബർ 20) രാത്രി മാരുതി നഗറിലെ വിനായക മണ്ഡപത്തിന് മുന്നിലാണ് സംഭവം.

മരണപ്പെട്ടത് 26 വയസ്സുള്ള പ്രസാദ് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് നൃത്തം ചെയ്യുന്നതിനിടെ പ്രസാദ് കുഴഞ്ഞു വീഴുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

നൃത്തം ആസ്വദിച്ച് ചുറ്റും ഇരിക്കുന്നവരുടെ ദേഹത്തേക്കാണ് പ്രസാദ് വീണത്. രാജ്യത്ത് കൊവിഡ്-19 പാൻഡെമിക് അവസാനിച്ചതിന് ശേഷം അടുത്തിടെ ഇത്തരം നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള ഹൃദയാഘാതം പോലുള്ള സംഭവങ്ങൾ വർദ്ധിക്കുന്നതിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണ്.

ഗാസിയാബാദിലെ ഖോഡ മേഖലയിൽ നിന്ന് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ ഒരു യുവാവ് കുഴഞ്ഞുവീണത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ട്രെഡ്മില്ലിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ട്രെഡ്മില്ലിൽ ഓടുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്നാണ് യുവാവ് മരിച്ചത്. യുവാക്കൾക്കിടയിൽ ഇത്തരം ഹൃദയാഘാതം ഉണ്ടാകുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് പരക്കെ അഭിപ്രായമുണ്ട്.

Print Friendly, PDF & Email

Leave a Comment

More News