പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രണ്ടാം വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന ഓട്ടത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ദക്ഷിണ റെയിൽവേ നടത്തുന്നത്.

രാജ്യത്തെ വിവിധ റെയിൽവേ ഡിവിഷനുകൾക്കായി അനുവദിച്ചിട്ടുള്ള മറ്റ് എട്ട് ട്രെയിനുകൾക്കൊപ്പം ന്യൂഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.

പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംക്‌ഷൻ തൃശൂർ, എറണാകുളം ജംക്‌ഷൻ, ആലപ്പുഴ, കായംകുളം ജംക്‌ഷൻ, കൊല്ലം, തിരുവനന്തപുരം സ്‌റ്റേഷനുകളിൽ ഉദ്‌ഘാടന സർവീസിന് വൻ സ്വീകരണം നൽകുമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

ആദ്യ വന്ദേഭാരത് സർവീസിന്റെ ഉദ്ഘാടന വേളയിലെന്നപോലെ വിശിഷ്ടാതിഥികളുടെയും ക്ഷണിതാക്കളുടെയും നീണ്ട നിര തന്നെ റെയിൽവേ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും. കാസർകോട് നടക്കുന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പങ്കെടുക്കും.

രണ്ടാമത്തെ വന്ദേഭാരത് ട്രെയിനില്‍ എട്ട് കോച്ചുകളിലായി 52 എക്‌സിക്യൂട്ടീവ് ചെയർ കാർ സീറ്റുകൾ ഉൾപ്പെടെ 530 സീറ്റുകൾ ഉണ്ടായിരിക്കും. അതേസമയം, സംസ്ഥാനത്തിന് അനുവദിച്ച ആദ്യത്തെ വന്ദേ ഭാരതിന് 16 കോച്ചുകളാണുള്ളത്.

റെയിൽവേ തയ്യാറാക്കിയ താൽക്കാലിക ഷെഡ്യൂൾ പ്രകാരം, രാവിലെ 7 മണിക്ക് കാസർകോട് നിന്ന് പുറപ്പെട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്കയാത്രയിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകുന്നേരം 4.05 ന് പുറപ്പെട്ട് രാത്രി 11.55 ന് കാസർകോട് എത്തിച്ചേരും.

ട്രെയിനിന്റെ പ്രതിവാര അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായി ദിവസം നീക്കിവച്ചിരിക്കുന്നതിനാൽ നിലവിലുള്ള ഷെഡ്യൂൾ പ്രകാരം തിങ്കളാഴ്ച ഒരു സർവീസും ഉണ്ടാകില്ല. ആദ്യ വന്ദേ ഭാരതിന്റെ പ്രതിവാര അറ്റകുറ്റപ്പണിയും പരിശോധനയും വ്യാഴാഴ്ചയാണ്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ സർവീസ് നടത്തുക. വ്യാഴാഴ്ച വൈകീട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് കാസർകോടിലേക്ക് പുറപ്പെടുന്ന ട്രെയിനിന്റെ ആദ്യ ട്രയൽ റൺ നടത്തി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയ ട്രെയിൻ ഉച്ചയ്ക്ക് ശേഷം വീണ്ടും കാസർകോട്ടേക്ക് പുറപ്പെടും. ട്രയൽ റണ്ണിന് മുന്നോടിയായി വ്യാഴാഴ്ച പുലർച്ചെ കൊച്ചുവേളി സ്റ്റേഷനിൽ കോച്ചുകള്‍ കൊണ്ടുവന്നു.

Print Friendly, PDF & Email

Leave a Comment

More News