ക്ഷേത്രങ്ങളിലെ പ്രസാദത്തിലും വഴിപാടിലും അരളിപ്പൂവ് ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് നിർദ്ദേശം നൽകി. പൂക്കളിലും ഇലകളിലും വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രസാദത്തിലും നിവേദ്യത്തിലും അരളി പൂവ് ഉപയോഗിക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയ ദേവസ്വം ബോർഡ് നിവേദ്യ സമർപ്പണത്തിന് ഭക്തർ തുളസി, തെച്ചി, റോസ് എന്നിവ സമർപ്പിക്കണമെന്നും വ്യക്തമാക്കി. അരളി ചെടിയുടെ പൂക്കളും ഇലകളും വിഷാംശമുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രം ജീവനക്കാരും ഭക്തരും ദേവസ്വം ബോർഡിനോട് ആശങ്ക അറിയിച്ചതിനെ തുടർന്നാണ് ദേവസ്വം ബോർഡിൻ്റെ നടപടി.

സംസ്ഥാനത്ത് ക്ഷേത്രങ്ങളിൽ നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കും ഒപ്പം അരളിപ്പൂവും അർപ്പിക്കാറുണ്ട്. ഹരിപ്പാട് സ്വദേശിയായ സൂര്യ സുരേന്ദ്രൻ മരണപ്പെട്ടത് അരളിപ്പൂവും ഇലയും കഴിച്ചതിനാലാണ് എന്ന് ദേവസ്വം ബോർഡ് അംഗം എ അജികുമാർ ബോർഡ് യോഗത്തിൽ അറിയിച്ചു. അരളിയുടെ ഇലയോ പൂവ് നുള്ളി വായിലിട്ട് ചവച്ചതുമൂലമാണ് ഹരിപ്പാട് സ്വദേശിയായ സൂര്യാ സുരേന്ദ്രൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മരിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം.

നേരത്തെ സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളിൽ അരളിപ്പൂവിൻ്റെ ഉപയോഗം ഒഴിവാക്കിയിരുന്നു. ചെടിയിലെ വിഷത്തിൻ്റെ ഫലം അത് ശരീരത്തിൽ എത്രമാത്രം പ്രവേശിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അരളി വിഷമുള്ളതാണെന്ന് വനഗവേഷണ കേന്ദ്രവും സ്ഥിരീകരിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News