കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കോട്ടയം : സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബര്‍ 2 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന വന്യജീവി സംരക്ഷണ വാരാഘോഷത്തിനും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തുവാനുദ്ദേശിക്കുന്ന വന്യജീവി സംരക്ഷണ പ്രതിജ്ഞയ്ക്കും ബദലായി കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്.

വന്യജീവികള്‍ വനാതിര്‍ത്തിക്കുള്ളില്‍ സംരക്ഷിക്കപ്പെടേണ്ടതും, സംരക്ഷണ ഉത്തരവാദിത്വം വനംവകുപ്പിനുമാണ്. നാട്ടിലിറങ്ങി അക്രമം അഴിച്ചുവിടുന്ന വന്യജീവികളെ സംരക്ഷിക്കുവാന്‍ വനംവകുപ്പ് നടത്തുന്ന വിദ്യാര്‍ത്ഥി പ്രതിജ്ഞ വിരോധാഭാസവും നീതീകരണമില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണ്. വന്യജീവികളുടെ അക്രമത്തില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവനെടുക്കപ്പെടുമ്പോള്‍ വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകരുതെന്നും ഇന്നത്തെ സാഹചര്യത്തില്‍ വന്യജീവികളില്‍ നിന്ന് കര്‍ഷകര്‍ ഉള്‍പ്പെടെ ജനങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകരക്ഷാ പ്രതിജ്ഞയാണ് വേണ്ടതെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് പറഞ്ഞു.

കര്‍ഷക രക്ഷാവാരത്തിന്റെ ഭാഗമായി ഒക്ടോബര്‍ 4 മുതല്‍ 10 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക രക്ഷാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതും കര്‍ഷക രക്ഷാ പ്രതിജ്ഞയെടുക്കുന്നതുമാണ്. വിവിധ കര്‍ഷക സംഘടനകളും യുവജനവിദ്യാര്‍ത്ഥി പ്രതിനിധികളും സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധസംഘടനകളും കര്‍ഷകരക്ഷാസമ്മേളനങ്ങളിലും പ്രതിജ്ഞയിലും പങ്കുചേരും. കര്‍ഷക രക്ഷാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 4ന് ബുധനാഴ്ച കോട്ടയത്ത് നടത്തപ്പെടും.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ കര്‍ഷക സംഘനടകളുടെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ അഡ്വ.കെ.വി.ബിജു, എന്‍എഫ്ആര്‍പിഎസ് ദേശീയ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി, വിവിധ കര്‍ഷക സംഘടനകളുടെ ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, പ്രെഫ.ജോസുകുട്ടി ഒഴുകയില്‍, റോജര്‍ സെബാസ്റ്റ്യന്‍, താഷ്‌കന്റ് പൈകട, ജോയി കൈതാരം, ജിനറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രന്‍, ജോര്‍ജ് സിറിയക്, സി.റ്റി.തോമസ്, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, ജോര്‍ജ് ജോസഫ് തെള്ളിയില്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, ബേബിച്ചന്‍ എര്‍ത്തയില്‍, ഹരിദാസ് കല്ലടിക്കോട്, ചാക്കപ്പന്‍ ആന്റണി, പി.രവീന്ദ്രന്‍, സിറാജ് കൊടുവായൂര്‍, മനു ജോസഫ്, വിദ്യാധരന്‍ സി.വി., ജോബിള്‍ വടാശേരി, റോസ് ചന്ദ്രന്‍, അപ്പച്ചന്‍ ഇരുവേയില്‍, ഷാജി തുണ്ടത്തില്‍, എന്നിവര്‍ പ്രസംഗിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News