ഫ്ലൂ (അദ്ധ്യായം – 3): ജോണ്‍ ഇളമത

കൂറേ നാളേക്ക്‌ ഡേവിനെപ്പറ്റി ഒന്നും കേട്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം അയാള്‍ സെലീനായെ ടെലഫോണില്‍ വിളിച്ചു:

“ഹലോ, ഹൈ, സെലിനാ! ഒരു കാര്യം പറയണമെന്ന്‌ കുറേ നാളായി ആഗ്രഹിക്കുന്നു. പക്ഷേ, മുമ്പും പലപ്പോഴും ചോദിക്കണമെന്ന്‌ കരുതി നടന്നതാണ്‌. പക്ഷേ അന്നൊക്കെ തോന്നി അത്ര ധൃതിയില്‍ വേണ്ടാന്ന്‌.”

“എന്താണ്‌?” തെല്ല്‌ ഉദ്വേഗത്തോടെ അവള്‍ ചോദിച്ചു.

“തെളിച്ച്‌ പറയട്ടെ, എനിക്ക്‌ സെലീനായെ ഇഷ്ടമാണ്‌.”

” എന്തേ!”

“അതേ, വളരെ നാളായി ആഗ്രഹിക്കുന്നു, സെലീനായുടെ സമ്മതം ചോദിക്കണമെന്ന്‌.”

“എന്താണ്‌ ഡേവ്‌ ഉദ്ദേശിക്കുന്നത്‌!”

“ഒരു മനഃസമ്മതം. അതിനുശേഷം മാന്യമായ ഒരു വിവാഹം. പ്രായപുര്‍ത്തിയായ നമ്മുക്കതിന് പരസ്പര സമ്മതം മാത്രമല്ലേ വേണ്ടൂ. നാം യൂറേപ്പില്‍ വസിക്കുന്നവരാണ്‌, ഇറ്റലിയില്‍.”

“അതേ, അതേ, എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. ഒരു മുന്നറിയിപ്പുമില്ലാത്ത ഒരാലോചന. എന്തേ പെട്ടന്നിങ്ങനെ തോന്നാന്‍! കല്ല്യാണം എന്നൊക്കെ പറഞ്ഞാല്‍…….”

“സെലീനാ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന എനിക്കൂഹിക്കാന്‍ കഴിയും. ഞാന്‍ പഠിക്കുകയല്ലേ എന്നൊക്കെയല്ലേ. അതിനെന്താം, അതിനിടക്കും കല്ല്യാണമാകാമല്ലേോ. അല്ലങ്കില്‍ തന്നെ എന്റെ പഠനം പൂര്‍ത്തിയാകാന്‍ ഇനിയും നാലഞ്ചു കൊല്ലം എടുക്കില്ലെ. അതൊക്കെ കഴിഞ്ഞു വരുമ്പോഴേക്ക്‌ നല്ല പ്രായവും കടന്നുപോകില്ലേ.”

“പക്ഷേ, എനിക്കിപ്പോള്‍ അതിനു കഴിയുമെന്നു തോന്നുന്നില്ല. എനിക്കേറെ ഉത്തരവാദിത്വങ്ങളുണ്ട്. എനിക്കു താഴെ നാലഞ്ചു സഹോദരിമാര്‍. അവരെയൊക്കെ ഉദ്ദേശിച്ചാണ്‌ കടലു കടന്ന്‌ ഞാനീ ജോലിക്കു തന്നെ എത്തിയത്‌. എനിക്ക് ആങ്ങളമാരാരുമില്ല. അങ്ങനെ ഒരാളുണ്ടായിരുന്നെങ്കില്‍ ഇവിടേക്ക്‌ ഞാനെത്തുമായിരുന്നില്ല. എന്റെ മാതാപിതാക്കളെ രക്ഷിക്കാന്‍ ഞാനല്ലാതാരുമില്ലല്ലോ”

“അതൊക്കെ ഒരു തടസ്സമാണോ. നാം വിവാഹിതരായി എന്നു കരുതി സെലിനായുടെ ഒരു സ്വാതന്ത്യത്തിലും കൈകടത്താന്‍, ഞാന്‍ നാട്ടില്‍ ജീവിക്കുന്ന ആളല്ലല്ലോ. ഇവിടെ നാം പൂര്‍ണ്ണ സ്വത്രന്തരാണ്‌, അങ്ങനെയല്ലേ ഇവിടത്തെ ജിവിതവും ദാമ്പത്യവുമൊക്കെ.”

“ഒക്കെ ശരി, എന്നിരുന്നാലും എന്നെ സംബന്ധിച്ച്‌ നീണ്ട ഒരാലോചന ഇല്ലാതെ ഞാനൊന്നിനുമില്ല. ഏറെ വീണ്ടു വിചാരം ആവശ്യമുള്ള ഒരു കാര്യമല്ലേ വിവാഹം. പാരമ്പര്യ പ്രകാരം സ്ത്രീധനം, സാമ്പത്തിക സുരക്ഷത, ഇവയൊക്കെ കരുതേണ്ട കാര്യങ്ങള്‍ തന്നെ എന്ന്‌ ഓര്‍ക്കേണ്ടതില്ലേ!”

“ഓ, സ്ത്രീധനമോ!, അങ്ങനെ ഒന്നിനെപ്പറ്റി പാശ്ചാത്യ നാടുകളില്‍ ചിന്തിച്ചിട്ടെന്തു കാര്യം. നാം മലയാളി കളാണെങ്കില്‍ പോലും അതൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടല്ലേ!”

“ഞാന്‍ ഇങ്ങനെഒക്കെ ചിന്തിച്ചിരുന്നാല്‍ എന്റെ എളേത്തുങ്ങളെ അഞ്ചു സഹോദരിമാരെ കെട്ടാന്‍ ഏതേലും പുണ്യാത്മാക്കളായ വരന്മാരെ കിട്ടുമെന്ന് ഡേവിനുറപ്പുണ്ടോ!”

“അതു നാട്ടില്‍, നമ്മളിവിടല്ലേ!”

“അതാ, ഞാന്‍ പറഞ്ഞുവരുന്നെ. എനിക്കെന്റെ സഹോദിമാരെ കെട്ടിച്ചയച്ച ശേഷമേ ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കാന്‍ കൂടി കഴിയു.”

“അതു നടന്നോട്ടെ, എന്നു കരുതി നാമെന്തിനു കാത്തിരിക്കണം.”

“അപ്പോള്‍, സ്ത്രീധനം കൂടാതെ ഡേവ്‌ എന്നെ വിവാഹം ചെയ്യുമെന്നോ!”

“അതിനെന്താ സംശയം!, വിവാഹം രണ്ടു മനസ്സുകളുടെ സമ്മതിപ്രതമാണ്”

“അതിലെന്തുകാര്യം, സ്ത്രീധനം പഴഞ്ചന്‍ സിദ്ധാന്തങ്ങള്‍ നമ്മേപോലുള്ളവര്‍ തിരുത്തി എഴുതണം.”

“അതിനര്‍ത്ഥമുണ്ട്‌, നമ്മുടെ സംസ്ക്കാരത്തില്‍. സ്ത്രീ പുരുഷനു കൊടുക്കുന്ന വില അല്ല അത്‌. ന്യായമായി പിതാവ് മക്കള്‍ക്ക്‌ കൊടുക്കുന്ന പിന്‍തുടര്‍ച്ചാവകാശത്തിന്റെ ഒരു വീതം എന്നേ അതിനെ കരുതാനാകു. എന്നാല്‍ എന്റെ സ്ഥിതിയില്‍, എന്റെ മാതാപിതാക്കള്‍ നിര്‍ധനരായിരിക്കവേ, അതു ഞാന്‍ തന്നെ ഉണ്ടാക്കേണ്ടിയിരിക്കുന്നു, ഒരു കരുതല്‍നിക്ഷേപം പോലെ. മറ്റൊരാളുടെ ഓദാര്യത്തിന്റെ വിഴുപ്പ് കെട്ട് ചുമക്കാന്‍ എനിക്കാഗ്രഹമില്ല. എന്നാല്‍ ഡേവ്‌ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്നുവെങ്കില്‍ അതിനു പോംവഴികളേറെയുണ്ട്‌. എനിക്കുവേണ്ടി കാത്തിരിക്കുക. അപ്പോള്‍ ഡേവിഡിന്റെ പഠനവും കഴിയും. എന്റെ സഹോദരിമാരുടെ വിവാഹവും നടക്കും. പ്രായം നമുക്കിടയില്‍ തന്നെ ഇരിക്കട്ടെ. പ്രായത്തിനെന്തര്‍ത്ഥം, സ്നേഹത്തിനല്ലേ വില! അതിനും ഞാന്‍ തയ്യാറുതന്നെ. അപ്പോള്‍ നമുക്ക് കാമുകീകാമുകന്മാരായി കഴിയണമെന്നൊന്നുമില്ല. അതിലും കുറേകൂടി അടുപ്പത്തില്‍ ഭാവിയിലേക്ക്‌ ഭാര്യാഭര്‍ത്താക്കന്മാരായി നിശചയമെടുത്തവരേപ്പോലെ ആയാലോ!”

“പക്ഷേ, അത്രയൊന്നും വേണ്ട. വിവാഹം പാവനമാണ്‌. അത്‌ കഴിയുംവരെ ശാരീരിക അടുപ്പം വേണ്ടന്ന്‌ കരുതുന്നപക്ഷം അതാലോചിക്കാവുന്നതേയുള്ളൂ.”

“അതിനും സമ്മതംതന്നെ.”

അത്‌ ഒരു പുതിയ വഴിതിരിവായി സെലീനാക്ക്‌ തോന്നി. എന്ത്‌ തെറ്റ്, അല്ലങ്കില്‍തന്നെ തെറ്റിന്റെയും ശരിയുടേയും നീതിപീഠം നമ്മുടെ മനസാക്ഷിയില്‍ തന്നെയല്ലേ. അങ്ങനെ ഞങ്ങള്‍ കമിതാക്കളായി. അതിലുമപ്പുറം ഗേള്‍ ഫ്രണ്ടും, ഫ്രെണ്ടും, ശരീകബന്ധമൊഴികെ എല്ലാ അടുപ്പങ്ങളും. സ്ത്രീത്വം പൊട്ടിപോകാമെന്ന ഒരു പളുങ്കു പാത്രമെന്നിരിക്കെ അതിനെ പരിപാവനമായി കാക്കാനും, സൂക്ഷിപ്പാനുമുള്ള ഒരു പുതിയ പരിശ്രമത്തിന്‌ എന്ത്‌ തെറ്റ്‌! അത്‌ ഏകാന്തതയേയും ഒറ്റപെടലിനെയും അനായാസമാക്കും. ഗൃഹാതുരത്വത്തിന്റെ നെടുവീര്‍പ്പുകള്‍ക്ക്‌ സ്വാന്തനവും ഏകുമല്ലോ. ഒരുവിധത്തില്‍ ആലോചിച്ചാല്‍ വിചിത്രമെന്നു തോന്നുമെങ്കിലും അതിനും ഏറെ മാധുര്യമില്ലേ! മണിയറ പൂട്ടിയിട്ട് അതിനു ചുറ്റും മധുവിധു തേടുന്ന മണവാട്ടീമണവാളരെപോലെ. അതൊരു പുതിയ അനുഭവം തന്നെയായിരിക്കും. അതുതന്നെയല്ലേ പ്രണയം!

കാത്തിരിപ്പിന്റെ തീഷ്ണതയുടെ അനുഭുതി. ഒരു തരത്തില്‍ ഭാവി പ്രതീക്ഷകളുടെ കത്തിച്ചുവെച്ച തിരിനാളം കണക്കെ അതു തടരട്ടെ. കാറ്റടിക്കുമ്പോള്‍ അണയാന്‍ ഭാവിക്കുന്ന ഒരു ഒഴുകുതിരി പോലെ അല്ലങ്കില്‍ ഉരുകിതീരുന്ന ഒരു മെഴുകുതിരി വീണ്ടും ആര്‍ജ്ജവത്തോടെ പ്രകാശിക്കും പോലെ എന്റെ മനസ്സിന്റെ വ്യാകുലതകള്‍ അത്‌ ലഘുവാക്കുക തന്നെ ചെയ്യും.

അക്കാലങ്ങളില്‍ പഠനവും, രാത്രി കാലങ്ങളില്‍ പഠനത്തിനു വേണ്ടി ജോലിയിലേര്‍പ്പെട്ട്‌ കഷ്ടപ്പെടുന്ന ഡേവിനെ സഹായിക്കാന്‍ എന്റെ മനസ്സ് പരുവപ്പെട്ടു വന്നു.

എന്തായാലും ഞങ്ങള്‍ ഭാവിയില്‍ കല്ല്യാണം കഴിക്കുമെന്ന ഉറപ്പോടെ പരസ്പരം സ്‌നേഹിച്ചു ജീവിക്കുന്നവരല്ലേ. എനിക്ക്‌ ആങ്ങളമാരില്ല. കഷ്ടപ്പെട്ട ജീവിതത്തിന്റെ ഉന്നതശ്രേണിയിലേക്ക്‌ സഞ്ചരിക്കുന്ന ഒരാങ്ങളെയെ, ഒരുവിധം വരുമാനമുള്ള ഒരു സഹോദരിക്ക്‌ എപ്രകാരം സഹായിക്കാന്‍ കഴിഞ്ഞേക്കുമെന്ന അനുകമ്പകൂടി എന്നെ വീണ്ടും ഒരു നല്ല പ്രണയത്തിന്റെ അല്ലങ്കില്‍ ബന്ധത്തിന്റെ പടവുകളിലേക്ക്‌ കൈപിടിച്ചു കയറ്റി.

ഞങ്ങള്‍ കുറെ നാളുകളായി ഒന്നിച്ചുകൂടുന്നു, സുഹൃത്തുക്കളെപോലെ, കമിതാക്കളെപോലെ. ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. കുടുംബം ജീവിതം, ബാല്ല്യകൌമാര കാലങ്ങള്‍. അക്കാലങ്ങളിലെ പ്രരാബ്ദങ്ങള്‍ ചെറുതും വലുതുമായ സന്തോഷങ്ങള്‍. മിക്കവാറും അവധിയുള്ള ആഴ്ച അവസാനങ്ങള്‍ ഞങ്ങള്‍ക്ക്‌ ഏറെ സന്തോഷത്തിന്റെ തന്നെയായിരുന്നു. അങ്ങനെയുള്ള ശനിയാഴ്ച്ചകള്‍ക്കാണ്‌ ഉണര്‍വ്വും ഉന്മേഷവും. രോഗികളും, അവര്‍ക്കുള്ള മരുന്നുകളും, അവരുടെ വേദനകളും, ആകുലതകളും കണ്ടും കേട്ടും മരവിച്ച മനസ്സിന്‌ കുളിര്‍മ്മയേറുന്ന നിമിഷങ്ങള്‍ എനിക്കെങ്കില്‍, ഡേവിനും അപ്രകാരം തന്നെ. മെഡിസിന്‍ പഠനവും അതുകഴിഞ്ഞ് പാതിരാവരെ ബാറിനുള്ളിലെ ജോലിയും ഒക്കെ മറന്ന്‌ ഹൃദയത്തിന്‌ കുളിര്‍മ്മയേകാനുള്ള അവസരവും. അപ്പോള്‍ ഞങ്ങളൊന്നിച്ച്‌ ആഴ്ച അവസാനങ്ങളില്‍ ഡേവിന്റെ ചെറിയ ഫിയറ്റു കാറില്‍ അര്‍നോ നദിയുടെ തീരത്തേക്ക് പോകുക പതിവാക്കി. അവിടത്തെ ബാറുകളും, റെസ്റ്റോറന്‍റുകളും ഏറെ സജ്ജീവമായിരിക്കും. പൊട്ടിച്ചിരികളും, അട്ടഹാസങ്ങളും നിറഞ്ഞ്നദീതീരത്തേക്ക്‌ ചാച്ചു കെട്ടിയ വര്‍ണ്ണുക്കുടകള്‍ക്ക്‌ കീഴെ ഇളവെയില്‍ കാഞ്ഞിരിക്കുന്ന യുറോപ്യര്‍, ചീനാക്കാര്‍, ഇന്ത്യക്കാര്‍, അങ്ങനെ ആഗോള തലത്തിലെ സഞ്ചാരികള്‍ എത്തുന്ന വിനോദ ക്രേന്ദം. ചുറ്റിലും നീണ്ടുപരന്ന ഇന്‍റര്‍ലോക്കിട്ട മൈതാനം. അവിടെ കൂട്ടം കൂടി പറന്ന്‌ താഴ്ന്നിറങ്ങി മൈതാനത്ത്‌ കൊത്തിപെറുക്കി നടക്കുന്ന പ്രാവുകള്‍. അവയുടെ കുറുകലുകള്‍, പ്രണയ ചേഷ്ടകള്‍!

ഒരു ശനിയാഴ്ച സന്ധ്യാ വേളയില്‍ അര്‍നോ നദീതീരത്തെ ഒരു റസ്റ്റോറന്റിന്റെ സൂര്യനെതിരെ ചാച്ചുകെട്ടിയ വര്‍ണ്ണുക്കുടകീഴില്‍ അത്താഴത്തിന്‌ ഞങ്ങള്‍ ഇരുന്നു.

വേനല്‍ക്കാലത്ത്‌ രാത്രി ഇരുട്ടുംവരെ ഏതാണ്ട്‌ ഒമ്പതു മണിവരെ സൂര്യന്‍ പ്രകാശം വിതറി കത്തിജ്വലിച്ചു നില്‍ക്കും. അതിനു ശേഷം ആകാശത്ത്‌ വര്‍ണ്ണ ചിത്രങ്ങള്‍ വരച്ച്‌ അര്‍നോ നദിയിലേക്ക്‌ ഊര്‍ന്നിറങ്ങുന്ന സൂര്യന്‍. നദിക്കരയില്‍ കുഞ്ഞോളങ്ങള്‍ വെട്ടിത്തിളങ്ങും. ആ വര്‍ണ്ണാഭയില്‍ മുങ്ങിക്കുളിച്ച്‌ കുഞ്ഞലകള്‍ പൊട്ടിച്ചിരിക്കും. പൊട്ടിച്ചിരിയില്‍ നിന്ന്‌ തെറിച്ചെത്തുന്ന തണുത്ത ജലകണങ്ങള്‍ എന്റെ കവിളിണകളില്‍ പതിച്ചപ്പോള്‍ ഞാന്‍ കുളിരു കോരി. ആ നനുത്ത സന്ധ്യയില്‍ ഞങ്ങളൊഴികെ എല്ലാവരും ദീര്‍ഘ ആലിംഗനങ്ങളില്‍ നിര്‍വൃതി തേടിയപ്പോള്‍ ഡേവ്‌ എന്നെ പ്രകാശമുള്ള കണ്ണുകളോടെ ഉറ്റുനോക്കി. എങ്കിലും കുറെക്കാലമെങ്കിലും അകലം പാലിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ ഞങ്ങള്‍ എന്ന ബോധ്യം ആദ്യമെനിക്കുണ്ടായെങ്കിലും ഒരു ചുടു ചുംബനത്തിനുള്ള അവസരം ഞാന്‍ ഡേവിന്‌ ഒരുക്കികൊടുത്തു.

അല്പവസ്ത്രധാരിയായ ഇറ്റാലിയന്‍ വെയിട്രസ് മുമ്പില്‍ എത്തി മന്ദസ്മിതം തൂകി ചോദിച്ചു:

“ഏതുതരം വൈനാണ്‌ താല്‍പര്യപെടുന്നത്‌, ചിയാന്‍ഡി, വെര്‍ഡിക്കിയോ, വാല്‍പോളിസെല്ല, നിറോ ഡി ആവോല”

ഡേവ പറഞ്ഞു…

“ചിയാന്‍ഡി തന്നെയാകട്ടെ”

വെയിട്രസ്‌ തുടര്‍ന്ന്‌ ചോദിച്ചു:

“എന്തുതരം ഭക്ഷണം?”

“പിസ തന്നെ, എന്‍ജോവി മതി (ഉപ്പിട്ട ചെറു മത്തി). ധാരാളം ഒലിവന്‍കായും വിന്നിഗിരിയിലിട്ട പച്ചമുളകും, കൂണും, ചീസുമായാല്‍ നന്നായിരിക്കും.”

പിസാ ഞാനാണ്‌ ഓര്‍ഡര്‍ചെയതത്‌. രണ്ടും, ഒന്നിനു പിന്നാലെ എത്തി. അല്പം വീര്യമുള്ള ചിയാന്‍ഡി എന്നെ ഉന്മേഷവതിയാക്കി. അപ്പോഴാണ്‌ ഞാന്‍ ഡേവിനെ സഹായിക്കാന്‍ ഒരു പദ്ധതി ആലോചിച്ച്‌ അവതരിപ്പിച്ചത്‌. ഡേവ്‌ വളരെ ബുദ്ധിമുട്ടി പഠിക്കുകയും, ഒപ്പം രാത്രിയില്‍ ജോലി ചെയ്യുന്നതും പഠനത്തെ ബാധിക്കുകയില്ല!

എന്തുചെയ്യും,അല്ലാതെ എന്തുവഴി?

നാം വിവാഹം കഴിക്കാന്‍ പരസ്പരം തീരുമാനിച്ചവരല്ലേ. അപ്പോള്‍ എന്റെ ഉത്തരവാദിത്വം കൂടിയാണ്‌ ഡേവിന്റെ പഠനം. അപ്പോള്‍ ഞാന്‍ ആലോചിക്കുകയാണ്‌, ഡേവിനെ ഒന്ന്‌ സഹായിക്കാന്‍!

“സെലീനാക്ക്‌ മറ്റ്‌ ഉത്തരവാദിത്വങ്ങളേറെയുണ്ടല്ലോ!”

“അത്‌ സാരമാക്കാനില്ല, വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നല്ലേ പ്രമാണം.”

“എന്താണ്‌ സെലീനാ കരുതുന്നത്‌!”

“എന്റെ സഹോദരിമാരുടെ വിവാഹ ചിലവിലേക്ക്‌ കരുതുന്നതിന്റെ ഒരംശം മാറ്റിവെച്ച്‌ ഡേവിനെ സഹായിക്കാമെന്ന്‌ എന്റെ മനസ്സു പറയുന്നു. മെഡിസിന്‍ പോലെ മികച്ച ഒരു തൊഴില്‍ പഠിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടൊക്കെയില്ലേ. അതിനിടയില്‍ രാത്രി കാലത്തെ ജോലി അതങ്ങു വേണ്ടെന്നു വെക്ക്. അപ്പോള്‍ പഠനത്തിന്‌ ധാരാളം സമയമുണ്ടാകും. ചിലവ്‌ കഴിയാനും, വാടകക്കുമുള്ള വക ഞാന്‍ തന്നേക്കാം.”

“അതൊരു ഭാരമായിരിക്കില്ലേ?”

“എന്നു കരുതി ഒരു നല്ല ഭാവിക്കല്ലേ! സാരമാക്കാനില്ല. എനിക്ക്‌ ഓവര്‍ടൈം കൂടി ചെയ്താല്‍ അതൊക്കെ മാനേജ്‌ ചെയ്യാനുള്ളതല്ലേ ഉള്ളൂ.”

അപ്പോള്‍ ആ സായാഹ്നം വിടപറയുകയായിരുന്നു. ഡേവിന്‌ ഏറെ സന്തോഷവും, ആശ്വാസവും പകര്‍ന്നു കൊണ്ട്‌ സുര്യന്‍ അര്‍നോ നദിയിലേക്ക്‌ താണിറങ്ങാന്‍ തുടങ്ങിയിരുന്നു. ആകാശത്തെ ചിത്രരചന അവസാനിപ്പിച്ച് കുങ്കുഛവിയില്‍ മുങ്ങിനിന്ന അര്‍നോ നദിക്കു മീതെ ഇരുളിന്റെ കറുത്ത നിഴലില്‍ മൂടി കുഞ്ഞലകള്‍ സാവധാനം ഇരുളില്‍ അലിഞ്ഞു കൊണ്ടിരുന്നു.

(…..തുടരും)

 

Print Friendly, PDF & Email

Leave a Comment

More News