ഹമാസ് കമാൻഡറെ ഇസ്രായേൽ വധിച്ചു; കൊല്ലപ്പെട്ടവരിൽ റോയിട്ടേഴ്‌സ് എഡിറ്റർ; പരിക്കേറ്റ ആയിരക്കണക്കിന് ആളുകൾക്ക് ഇനിയും ചികിത്സ ലഭിച്ചിട്ടില്ല; പലായനം തടയാൻ ഹമാസ് റോഡുകൾ തകർത്തു

ടെല്‍ അവീവ്‌: ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട്‌ ഹമാസ്‌ കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഹമാസിന്റെ ആക്രമണം ആസൂത്രണം ചെയ്ത കമാന്‍ഡോ സേനയുടെ തലവന്‍ അലി ഖാദിയും, മിസൈല്‍ റോക്കറ്റ്‌ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ അബു മുറാദും കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ ഹമാസ്‌ ആസ്ഥാനത്തിന്‌ നേരെ നടത്തിയ വ്യോമാക്രമണത്തിലാണ്‌ ഇരുവരും കൊല്ലപ്പെട്ടതെന്ന്‌ ഇസ്രായേല്‍ സൈന്യം അറിയിച്ചു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഹമാസ്‌ ഇതുവരെ തയ്യാറായിട്ടില്ല.

2005ല്‍ ഇസ്രായേല്‍ പൗരന്മാരെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച അലി 2011ല്‍ മോചിതനായി.

അതേസമയം, വടക്കന്‍ ഗാസയില്‍ നിന്നുള്ള ആളുകളുടെ പലായനം തുടരുകയാണ്‌. കുട്ടികളടക്കം നിരവധി കുടുംബങ്ങള്‍ കൊല്ലപ്പെട്ടു. ആളുകളെ മനുഷ്യകവചമായി ഉപയോഗിക്കുന്ന ഹമാസ്‌ കൂട്ട പലായനം തടയാന്‍ റോഡുകള്‍ നശിപ്പിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

തെക്കന്‍ ലെബനനിലെ അല്‍മ എല്‍ ചേബ്‌ പട്ടണത്തിന്‌ സമീപം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ്‌ വീഡിയോ എഡിറ്റര്‍ ഇസ്ലാം അബ്ദല്ല കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സ്‌, എഎഫ്പി, അല്‍ ജസീറ എന്നീ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്കും പരിക്കേറ്റു. ലബനന്‍ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെ വധിക്കാനാണ്‌ ആക്രമണം നടത്തിയതെന്ന്‌ ഇസ്രായേല്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ നിന്ന്‌ ഷെല്ലാക്രമണം ആരംഭിച്ച ഇസ്രായേല്‍ സൈന്യം ബന്ദികളെ കണ്ടെത്താന്‍ ഗാസയിലേക്ക്‌
പ്രവേശിച്ചു. 120 പേരെ ഹമാസ്‌ ബന്ദികളാക്കിയിരിക്കുകയാണ്‌. അതേ സമയം, ഹമാസ്‌ ഇപ്പോഴും ഇസ്രയേലിലേക്ക്‌ റോക്കറ്റ്‌ തൊടുത്തുവിടുകയാണ്‌.

ഗാസയില്‍ ഇതുവരെ 724 കുട്ടികളടക്കം 2215 പേര്‍ കൊല്ലപ്പെട്ടു. 9000 പേര്‍ക്ക്‌ പരിക്കേറ്റു. 1300 പേര്‍ കൊല്ലപ്പെട്ട ഇസ്രായേലില്‍ മരണസംഖ്യ കാര്യമായി ഉയര്‍ന്നില്ല. 3400 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്.

ഐസ്ക്രീം ട്രക്കുകളില്‍ മൃതദേഹങ്ങള്‍

ഇസ്രായേല്‍ ഒഴിപ്പിക്കുന്നതിനുള്ള സമയപരിധി ആറ്‌ മണിക്കൂര്‍ നീട്ടിയെങ്കിലും നൂറുകണക്കിന്‌ രോഗികളും ജീവനക്കാരും
ആശുപത്രികളില്‍ നിസ്സഹായരായി തുടരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിക്ക്‌ പുറത്ത്‌ ഐസ്‌ ക്രീം കമ്പനികളുടെ ശീതീകരിച്ച ട്രക്കുകളിലേക്ക്‌ മാറ്റുകയാണ്‌. പരിക്കേറ്റവരെ കൊണ്ട്‌ ആശുപത്രികള്‍ നിറഞ്ഞു. രക്ഷാപ്രവര്‍ത്തനം അനുവദിക്കണമെന്ന്‌ ലോകാരോഗ്യ സംഘടനയും ഐകൃരാഷ്ട്രസഭയും ആവശ്യപ്പെട്ടെങ്കിലും ഇസ്രായേല്‍ അനുകൂലമായ മറുപടി നല്‍കിയിട്ടില്ല.

നിരവധി അഭയാര്‍ത്ഥികള്‍ ഈജിപ്പിന്റെ അതിര്‍ത്തിയില്‍ ക്യാമ്പ്‌ ചെയ്തിട്ടുണ്ട്‌. എന്നാല്‍, ഈജിപ്ത് അവരെ അംഗീകരിക്കാന്‍ തയ്യാറല്ല. വിദേശികളെയും ഇരട്ട പൗരത്വമുള്ളവരേയും അനുവദിക്കണമെന്ന്‌ യുഎസ്‌ ഈജിപ്ലിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈജിപ്ഷ്യന്‍ ട്രക്കുകള്‍ ഗാസയിലേക്ക് മരുന്നും ഭക്ഷണവുമായി കാത്തിരിക്കുകയാണ്. എന്നാല്‍, ഇസ്രായേല്‍ ഉപരോധം മൂലം ഗാസയിലേക്ക് പോകാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല.

Print Friendly, PDF & Email

Leave a Comment

More News