മുതിർന്ന മാധ്യമ പ്രവർത്തകൻ സാമുവേൽ ഡേവിഡ് അന്തരിച്ചു; സംസ്ക്കാരം നാളെ

കായംകുളം: മുതിർന്ന മാധ്യമ പ്രവർത്തകനും കായംകുളം പ്രസ്സ് ക്ലബ് രക്ഷാധികാരിയും ‘മംഗളം’ ദിനപത്രം കായംകുളം ലേഖകനുമായ അമ്പികുളങ്ങര സാം വില്ലയിൽ സാമുവേൽ ഡേവിഡ് (കുഞ്ഞുമോൻ – 69) നിര്യാതനായി. മൃതദേഹം നാളെ (ഞായർ) രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് കായംകുളം ശാലേം മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും.

ഭാര്യ:അറുനൂറ്റിമംഗലം വാഴവിള തെക്കേതിൽ കുടുംബാംഗം മേഴ്സി.

മകൻ: പാസ്റ്റർ ഡേവിഡ് സാം രാജ് (ഹെവൻലി ഫീസ്റ്റ് ചർച്ച്,ദുബായ്).

മരുമകൾ: ലെസ്ലി എലിസബേത്ത് ഉമ്മൻ.

നിര്യാണത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ശങ്കർ, ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, ജില്ലാ പ്രസിഡൻ്റ് നവാസ് അഹമ്മദ്, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, ജോയിൻ്റ് സെക്രട്ടറി നൗഷാദ് മാങ്കാംകുഴി എന്നിവർ അനുശോചിച്ചു.

‘മംഗളം’ ദിനപത്രത്തിന്റെ ആവിർഭാവ കാലം മുതൽ ലേഖകനായി കായംകുളത്ത് പ്രവർത്തിച്ചു വന്നയാളാണ് സാമുവേൽ ഡേവിഡ്. കൊട്ടാരക്കരയിൽ തന്റെ കരിയറിന് തുടക്കം കുറിച്ചത് അന്യസംസ്ഥാന കശുവണ്ടി കടത്തു സംഭവം റിപ്പോർട്ട്‌ ചെയ്ത് കൊണ്ടാണ്. അതിന് ഭീഷണി നേരിടുകയും ചെയ്തു. നികുതി വെട്ടിക്കാൻ വേണ്ടി കേരളത്തിൽ നിന്നും ഉദ്ധ്യോഗസ്ഥർ കാണാതെ ലോറികളിൽ കശുവണ്ടി കടത്ത് അന്ന് വ്യാപകമായിരുന്നു. തുടർന്നാണ് കായംകുളത്ത് ലേഖകനായി ചാർജെടുക്കുന്നത്. കാൽ നൂറ്റാണ്ട് കാലമായി ലേഖകനായി ഒരേ സ്ഥലത്ത് തുടരുന്ന പത്രപ്രവർത്തകനായ കാരണവരായിരുന്നു ഡേവിഡ്. ശ്രദ്ധേയമായ അനവധി സംഭവങ്ങൾ വാർത്തകളിലൂടെ ജനങ്ങളെ അറിയിച്ച മികച്ച പത്ര പ്രവർത്തകനായിരുന്ന ഡേവിഡ് കായംകുളം നഗരത്തിന്റെ വികസന പിന്നോക്കാവസ്ഥ പല തവണ പരമ്പര ചെയ്തിട്ടുള്ളതും ദീർഘവീക്ഷണത്തോടും കാഴ്ചപ്പാടോടും കൂടിയാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് സഹപ്രവർത്തകനും കായംകുളം ദീപിക ലേഖകനുമായ നൗഷാദ് മാങ്കാംകുഴി അനുസ്മരിച്ചു.

മൂന്നര പതിറ്റാണ്ടിലധികം പത്രപ്രവർത്തന ജീവിതത്തിൽ ഒരു കൂട്ടുകാരൻ എന്ന നിലയിൽ മാനുഷിക ബന്ധങ്ങൾ മുറുകെ പിടിക്കുകയും നാടിൻ്റെ സാമൂഹിക സാംസ്‌കാരിക സാഹിത്യ പ്രവർത്തനങ്ങളിൽ ഒരു പത്ര പ്രവർത്തകൻ എന്ന നിലയിലും സജീവ ബന്ധം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളതായി മംഗളം ദിനപത്രം ചെങ്ങന്നൂർ ലേഖകൻ സാം കെ. ചാക്കോ അനുസ്മരിച്ചു. സഹപ്രവർത്തകരുടെ ഇടയിൽനികത്താനാവാത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും സൗഹൃദവും സ്നേഹവും ഒരുപോലെ നിലനിർത്തിയിരുന്ന ഡേവിഡ് അച്ചായൻ എന്നും സഹോദര തുല്യനായിട്ടാണ് സഹകരിച്ചിട്ടുള്ളതെന്ന് മംഗളം ദിനപത്രം എടത്വ ലേഖകൻ സനിൽ എടത്വ അനുസ്മരിച്ചു.

Print Friendly, PDF & Email

Leave a Comment

More News