ജയ് ശ്രീറാം വിളിച്ചതിന് വിദ്യാർത്ഥിയെ സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ട കോളേജ് പ്രൊഫസർമാരെ സസ്‌പെൻഡ് ചെയ്തു

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ ഒരു സാംസ്‌കാരിക പരിപാടിക്കിടെ ജനക്കൂട്ടത്തെ ‘ജയ് ശ്രീറാം’ വിളികളോടെ അഭിവാദ്യം ചെയ്തതിന് വിദ്യാർത്ഥിയോട് സ്റ്റേജിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതിന് രണ്ട് പ്രൊഫസർമാരെ സസ്‌പെൻഡ് ചെയ്തു. ഇന്നലെ (ഒക്ടോബർ 20) യാണ് സാംസ്കാരിക സമ്മേളനം നടന്നത്.

ഒരു വിദ്യാർത്ഥി ജനക്കൂട്ടത്തെ ‘ജയ് ശ്രീറാം’ എന്ന് അഭിസംബോധന ചെയ്യുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

ഉടൻ തന്നെ മമത ഗൗതം എന്ന അദ്ധ്യാപിക വിദ്യാർത്ഥിയോട് സ്റ്റേജിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. “ഇതൊരു സാംസ്കാരിക പരിപാടിയാണ്. എന്തുകൊണ്ടാണ് ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ ഉയരുന്നത് ? അത് ഇവിടെ അനുവദനീയമല്ല. നിങ്ങൾ ഇവിടെ മുദ്രാവാക്യം വിളിക്കാനല്ല. ഇതൊരു സാംസ്കാരിക പരിപാടിയാണ്. ഇവിടെ നിന്ന് പുറത്തു പോകൂ, ” എന്ന് അദ്ധ്യാപിക പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായി സർവകലാശാല ഡയറക്ടർ സഞ്ജയ് കുമാർ സിംഗ് പറഞ്ഞു. സമഗ്രമായ അന്വേഷണത്തിന് ശേഷം രണ്ട് പ്രൊഫസർമാരായ പ്രൊഫസർ മംമ്ത ഗൗതം, ഡോ. ശ്വേത ശർമ്മ എന്നിവരെ സസ്പെൻഡ് ചെയ്തതായി അദ്ദേഹം പറഞ്ഞു.

വീഡിയോ പ്രചരിച്ചതിനു പിന്നാലെ നിരവധി വലതുപക്ഷ ട്രോളുകളും മമത ഗൗതമിനെ ജാതി പറഞ്ഞ് ആക്രമിച്ചു. സ്റ്റേജിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതിന് ശേഷവും വിദ്യാർത്ഥി സഹപ്രവർത്തകയുമായി വഴക്കിടുകയായിരുന്നുവെന്ന് അദ്ധ്യാപിക വിശദീകരണം നൽകി.

“ജയ് ശ്രീറാം എന്ന മുദ്രാവാക്യത്തിൽ എനിക്കോ എന്റെ സഹപ്രവർത്തകയ്ക്കോ കോളേജിനോ ഒരു പ്രശ്നവുമില്ല. ആ വിദ്യാർത്ഥി എന്റെ സഹപ്രവർത്തകയോട് വഴക്കിടുകയായിരുന്നു, അതിനാലാണ് അവനെ വിലക്കിയത്, ” അവർ പറഞ്ഞു.

ഗാസിയാബാദിലെ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സലോനി അഗർവാൾ പറയുന്നതനുസരിച്ച്, “ABES കോളേജിലെ ഒരു ഇൻഡക്ഷൻ പ്രോഗ്രാമിനിടെ ഒരു വിദ്യാർത്ഥിയും അദ്ധ്യാപകരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. അദ്ധ്യാപികയ്‌ക്കെതിരെ കോളേജ് അധികൃതർ നടപടി സ്വീകരിച്ചു. അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കും.”

Print Friendly, PDF & Email

Leave a Comment

More News