ഇന്ത്യന്‍ വിദ്യാർത്ഥി അമേരിക്കയില്‍ ജീവനുവേണ്ടി പോരാടുന്നു

2023 ഓഗസ്റ്റ് 31 ന് സ്റ്റുഡന്റ് വിസയിൽ യുഎസിലെത്തി തൊണ്ടയിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹൈദരാബാദില്‍ നിന്നുള്ള വിദ്യാർത്ഥി മുഹമ്മദ് ആമിര്‍  ജീവനുവേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. ഇപ്പോൾ, അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് മുജാഹിദ് യുഎസിലേക്ക് അടിയന്തര വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്.

നിലവിൽ, ജോർജിയയിലെ അറ്റ്ലാന്റയിലുള്ള ആട്രിയം ഹെൽത്ത് നാവിസെന്റ് ദി മെഡിക്കൽ സെന്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് ആമിര്‍.

ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ആമിറിന്റെ പല്ലിൽ അണുബാധ ആരംഭിച്ചതായും പിന്നീട് അത് തൊണ്ടയിലേക്ക് പടർന്നതായും സഹോദരന്‍ മുജാഹിദ് മാധ്യമങ്ങളോടു പറഞ്ഞു.

ഇന്ത്യാന വെസ്‌ലിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഐടിയിൽ (പ്രോജക്റ്റ് മാനേജ്‌മെന്റ്) ബിരുദാനന്തര ബിരുദം നേടാനാണ് ആമിര്‍ യുഎസിലേക്ക് പോയതെന്നാണ് മുജാഹിദ് നൽകിയ വിവരം.

മുജാഹിദിന്റെ യുഎസിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന്, ആട്രിയം ഹെൽത്ത് നാവിസെന്റ് ഒരു കത്ത് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ആമിര്‍ നിലവിൽ കാർഡിയോ വാസ്കുലർ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ പരിചരണത്തിലാണെന്നും ഗുരുതരാവസ്ഥയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഹൈദരാബാദില്‍ നിന്നുള്ള വിദ്യാർത്ഥികളില്‍ ചിലര്‍ അമേരിക്കയില്‍ ജീവിതത്തിന്റെ ഏറ്റവും മോശം ബുദ്ധിമുട്ടുകൾ നേരിടുന്ന ആദ്യ സംഭവമല്ല ഇത്. മുമ്പ്, മറ്റൊരു ഹൈദരാബാദ് വിദ്യാർത്ഥിയായ സൈദ ലുലു മിൻഹാജിനെ ചിക്കാഗോയിലെ തെരുവുകളിൽ ദാരുണമായ അവസ്ഥയിൽ കണ്ടെത്തിയിരുന്നു.

2023 ജൂലൈയിൽ, ഷാദാൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറും ഇന്ത്യ വിടുന്നതിന് മുമ്പ് മൗലാ അലിയിലെ താമസക്കാരിയുമായിരുന്ന മിൻഹാജിനെ ചിക്കാഗോയിലെ തെരുവുകളിൽ പട്ടിണി കിടക്കുന്ന അവസ്ഥയിൽ കണ്ടെത്തിയിരുന്നു. ഡിട്രോയിറ്റിലെ TRINE യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായാണ് അവര്‍ അമേരിക്കയിലെത്തിയത്. താമസത്തിനിടെ അവരുടെ മുഴുവൻ സാധനങ്ങളും മോഷ്ടിക്കപ്പെട്ടതിനെത്തുടർന്ന് വിഷാദത്തിലേക്ക് വീഴുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News