ഗുരുവായൂരില്‍ ആന ഇടഞ്ഞു, രണ്ടാം പാപ്പാനെ കുത്തിക്കൊന്നു; ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് റദ്ദാക്കി

തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ മരിച്ചു. എ ആർ രതീഷാണ് ഗുരുവായൂർ ചന്ദ്രശേഖരൻ എന്ന ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആദ്യ പാപ്പാൻ അവധിയിലായിരുന്ന സമയത്താണ് സംഭവങ്ങൾ അരങ്ങേറിയത്. രതീഷ് വെള്ളം നൽകാൻ എത്തിയപ്പോൾ ആന പ്രകോപിതനായി ആക്രമിക്കുകയായിരുന്നു.

ഗുരുവായൂർ ചന്ദ്രശേഖരൻ എന്ന 60 വയസ്സുള്ള ഒറ്റക്കൊമ്പനെ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആനക്കോട്ടയിലേക്ക് അക്രമാസക്തമായ പെരുമാറ്റത്തെ തുടർന്ന് സ്ഥലം മാറ്റിയിരുന്നു. 26 വർഷത്തിനു ശേഷം നവംബർ ഒന്നിന് ക്ഷേത്രത്തിൽ തിരിച്ചെത്തിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആനക്കോട്ടയിലേക്കാണ് ചന്ദ്രശേഖരന്റെ അക്രമ സ്വഭാവത്തെ തുടർന്ന് സ്ഥലം മാറ്റിയത്. പാപ്പാനെ ആക്രമിക്കുകയും സിനിമാ തിയേറ്ററിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തതാണ് ചന്ദ്രശേഖരനെ ആനക്കോട്ടയിലേക്ക് മാറ്റാന്‍ കാരണമായത്.

ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ദേവസ്വം അധികൃതര്‍. പാപ്പാന്‍മാരെ അനുസരിക്കാത്ത പ്രകൃതമാണ് ചന്ദ്രശേഖരന്റെ തടവറ വാസത്തിനു കാരണം. മദപ്പാടുകാലത്ത് ചങ്ങല പൊട്ടിക്കുന്നത് ഈ ആനയുടെ സ്വഭാവമായിരുന്നു. മൂന്ന് തവണ മയക്കുവെടി ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് അനുശോചനം രേഖപ്പെടുത്തി ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഉപേക്ഷിച്ചു.

Print Friendly, PDF & Email

Leave a Comment

More News