ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് ഷിക്കാഗോയില്‍ ഐഓസി സ്വീകരണം നല്‍കി

ഷിക്കാഗോ: ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ചാണ്ടി ഉമ്മന്‍ എ.എല്‍.എ.യ്ക്ക് ഷിക്കാഗോ പൗരാവലി ഉജ്ജ്വല സ്വീകരണം നല്‍കി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ഷിക്കാഗോയിലെത്തിയ ചാണ്ടി ഉമ്മനെ വളരെ ആവേശത്തോടു കൂടിയാണ് ഷിക്കാഗോ നിവാസികള്‍ സ്വീകരിച്ചത്.

ഐ.ഓ.സി. ഷിക്കാഗോ പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൗരസ്വീകരണ ചടങ്ങില്‍ ഷിക്കാഗോയിലെ സാമൂഹിക സാംസ്‌കാരിക, മത നേതാക്കള്‍ പങ്കെടുത്തു. കക്ഷിരാഷ്ട്രീയഭേദമന്യേ ചടങ്ങില്‍ പങ്കെടുത്ത ഏവരേയും പ്രസിഡന്റ് തന്റെ അനുമോദനം അറിയിച്ചു.

ജോര്‍ജ് പണിക്കരുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങ് കെ.പി.സി.സി. വൈസ് പ്രസിഡന്റ് സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയും സന്നിഹിതനായിരുന്നു. അദ്ദേഹം ചൊല്ലിയ കവിത ചടങ്ങിനെ പുളകമണിയിച്ചു.

ചടങ്ങില്‍ വിവിധ സാമൂഹിക സാംസ്‌കാരിക മത സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കള്‍ ചാണ്ടി ഉമ്മന് ആശംസകള്‍ നേര്‍ന്നു. ഐ.ഓ.സി. കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, സെന്റ് മേരീസ് പള്ളി വികാരി സിജു മുടക്കോടിയില്‍, പ്രവാസി കേരളാ കോണ്‍ഗ്രസ് അഡ്വൈസറി ചെയര്‍ ബിജു കിഴക്കേകുറ്റ്, ഫൊക്കാന ആര്‍.വി.പി. ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ഫോമ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഇടതുപക്ഷത്തിന്റെ പ്രതിനിധി പീറ്റര്‍ കുളങ്ങര, കെ.സി.എസ് ഷിക്കാഗോ പ്രസിഡന്റ് ജയിന്‍ മാക്കില്‍, മാര്‍ത്തോമ പള്ളി വികാരി എബി തരകന്‍, മിഡ്‌വെസ്റ്റ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് റോയി നെടുംചിറ, ഇല്ലിനോയ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് സുനേന ചാക്കോ, ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളം, കേരളൈറ്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് ബിജി ഇടാട്ട്, വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ഫിലിപ്പ് പുത്തന്‍പുര, ഗ്ലോബല്‍ ക്രിസ്ത്യന്‍ അസ്സോസിയേഷനെ പ്രതിനിധീകരിച്ച് സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍ ചാണ്ടി ഉമ്മന് ആശംസ അര്‍പ്പിച്ചു.

വലിയ ഒരു ജനാധിപത്യബോധം നമ്മുടെ രാജ്യത്ത് ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അതിനായി ജനാധിപത്യത്തെ കൂടുതല്‍ ശ്ക്തിപ്പെടുത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കര്‍ത്തവ്യമാണെന്നും, നമ്മുടെ രാജ്യത്തെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും, അതിനായി നിങ്ങള്‍ ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും, കൂടാതെ രാജ്യത്തെ യുവതലമുറ ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിനു തടയിടേണ്ടത് അനിവാര്യമാണെന്നും ചാണ്ടി ഉമ്മന്‍ അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു.

സമ്മേളനത്തില്‍ പങ്കെടുത്ത ഏവര്‍ക്കും ബൈജു കണ്ടത്തില്‍ നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ മാസ്റ്റര്‍ ഓഫ് സെറിമണി നിര്‍വ്വഹിച്ചു.

Print Friendly, PDF & Email

Leave a Comment

More News