250 ഓളം റോഹിങ്ക്യൻ അഭയാർത്ഥികളെ ഇന്തോനേഷ്യയില്‍ നിന്ന് കടലിലേക്ക് തിരിച്ചയച്ചു

ജക്കാർത്ത: തടി ബോട്ടിലെത്തിയ 250 ഓളം റോഹിങ്ക്യൻ അഭയാർത്ഥികളെ പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ രോഷാകുലരായ നാട്ടുകാര്‍ കടലിലേക്ക് തിരിച്ചയച്ചതായി അധികൃതര്‍ പറഞ്ഞു. അവർക്ക് വെള്ളവും ഭക്ഷണവും നൽകിയെങ്കിലും അവരെ ആഷെ പ്രവിശ്യയിലെ പൈനുങ്ങിലെ കടൽത്തീരത്ത് ഇറങ്ങാന്‍ അനുവദിച്ചില്ല.

പീഡനത്തിനിരയായ മ്യാൻമർ ന്യൂനപക്ഷത്തിൽ നിന്നുള്ള 250 ഓളം വരുന്ന സംഘമാണ് വ്യാഴാഴ്ച ആഷെ പ്രവിശ്യയുടെ തീരത്ത് എത്തിയത്. എന്നാല്‍, രോഷാകുലരായ നാട്ടുകാർ ബോട്ട് ഇറക്കരുതെന്ന് അവരോട് ആവശ്യപ്പെട്ടു. ചില അഭയാർത്ഥികൾ പിന്നീട് നീന്തി കരയിലെത്തി കടൽത്തീരത്ത് തളർന്നുവീണു.

അവശരായ അഭയാര്‍ത്ഥികള്‍ ബോട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായ ശേഷം, ഡസൻ കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് വടക്കൻ ആഷെയുടെ തീരത്തെത്തി അവിടെ കടൽത്തീരത്ത് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും, നാട്ടുകാർ വീണ്ടും അവരെ ബോട്ടിൽ കയറ്റി കടലിലേക്ക് തിരിച്ചയച്ചു.

ഏകദേശം മൂന്നാഴ്‌ച മുമ്പാണ് ബംഗ്ലാദേശിൽ നിന്ന് അവര്‍ ബോട്ടില്‍ കയറിയതെന്ന് ചിലര്‍ പറഞ്ഞു. ഭൂരിഭാഗം മുസ്ലീം റോഹിങ്ക്യൻ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും തങ്ങളുടെ ജീവൻ പണയപ്പെടുത്തി ദീർഘവും ചെലവേറിയതുമായ കടൽ യാത്രകൾ നടത്തി, അതും ദുർബലമായ ബോട്ടുകളിൽ, മലേഷ്യയിലോ ഇന്തോനേഷ്യയിലോ എത്താൻ ശ്രമിക്കുന്നത്.

“അവരുടെ സാന്നിധ്യം ഞങ്ങൾക്ക് മടുത്തു. കാരണം, അവർ കരയിൽ എത്തിക്കഴിഞ്ഞാല്‍ പലരും ഒളിച്ചുപോകും. അവര്‍ ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഭീഷണിയാണ്. അവരെ കൊണ്ടുവരുന്നത് ചില ഏജന്റുമാരാണ്. ഇത് മനുഷ്യക്കടത്താണ്,” നോർത്ത് ആഷെയിലെ പരമ്പരാഗത കമ്മ്യൂണിറ്റി നേതാവായ സൈഫുൽ അഫ്‌വാദി പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News